ac-moideen

തിരുവനന്തപുരം: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളും ഉടൻ പൊളിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാൻ നിയോഗിച്ച ചെന്നെെ എ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കണം എന്ന ഉത്തരവിനെതിരെ നൽകിയ പുനപ്പരിശോധനാ ഹർജികൾ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഹർജികളും അനുബന്ധ രേഖകളും സസൂക്ഷമം പരിശോധിച്ചെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്‌മാരായ അരുൺ മിശ്ര, നവീൻസിൻഹ എന്നിവരുടെ ബെഞ്ച് വിധി പുനഃപരിശോധിക്കാൻ സാധൂകരിക്കാവുന്ന കാരണങ്ങളില്ലെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്. റിവ്യൂഹർജി തുറന്നകോടതിയിൽ കേൾക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മേയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഈ കാലാവധി ജൂൺ എട്ടിന് അവസാനിച്ചിരുന്നു.