തിരുവനന്തപുരം : തലസ്ഥാനത്തെ ചെങ്കോട്ടയെന്ന അപരനാമത്തിൽ അറിയപ്പെടുന്ന യൂണിവേഴ്സിറ്റി കോളേജ് അടുത്തിടെ വാർത്തകളിൽ നിറയുന്നത് അക്രമങ്ങളുടെ പേരിലാണ്. സാധാരണയായി ഇടതുപക്ഷം അധികാരത്തിലേറിയാൽ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുണ്ടാകുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. ഇനി ഒരു അഞ്ചു വർഷത്തേയ്ക്ക് കോളേജിൽ സമരവും, പൊലീസുമായുള്ള അടിപിടിയുമുണ്ടാവില്ലെന്ന വിശ്വാസമാണ്. കേരളത്തിൽ യു.ഡി.എഫ് ഭരിക്കുമ്പോൾ ഇടത് യുവജന വിഭാഗത്തിന്റെയടക്കം സെക്രട്ടേറിയറ്റ് സമരങ്ങൾക്ക് വേണ്ട സഹായം ലഭിക്കുന്നത് ഈ കാമ്പസിൽ നിന്നുമാണ്. പലപ്പോഴും പൊലീസ് കാമ്പസിനുള്ളിൽ കയറിയ സംഭവങ്ങളുമുണ്ട്.
എന്നാൽ പതിവിന് വിപരീതമായി സംസ്ഥാനം ഇടത്പക്ഷ സർക്കാർ ഭരിക്കുമ്പോഴും യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾക്ക് സമാധാനമായി പഠിക്കുവാനുള്ള അവസ്ഥയല്ല നിലവിലുള്ളത്. മാസങ്ങൾക്ക് മുൻപ് ഒരു വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ ആത്മഹത്യാ ശ്രമം നടത്തിയ സംഭവവും ഏറെ വിവാദമായിരുന്നു. മാനസിക പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ചികിത്സയിലൂടെ ജീവൻ തിരിച്ചുകിട്ടയ പെൺകുട്ടി യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ടി.സി വാങ്ങി മറ്റൊരു കോളേജിൽ ചേരുകയായിരുന്നു. സംഭവത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് സംഭവത്തിൽ നടപടികളൊന്നുമുണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുൻപ് പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് കോളേജിന് മുന്നിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ധിച്ച സംഭവവും ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.
പഠനാന്തരീക്ഷമില്ലാത്തതിനാൽ അഞ്ച് വർഷത്തിനിടയിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 187 വിദ്യാർത്ഥികൾ ടി.സി വാങ്ങി പോയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ നിയമസഭയിൽ അറിയിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ സൂചികയിലടക്കം മികവിന്റെ അടയാളമായി മാറിയ കോളേജിൽ നിന്നും ടി.സി വാങ്ങി വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നുവെങ്കിൽ അതിന് പിന്നിലെ കാരണം കണ്ടെത്തുക തന്നെ വേണം. വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനം ഇവിടെ സർവസീമകളും ലംഘിക്കുന്നതായിട്ടാണ് കോളേജിലെ വിദ്യാർത്ഥികളടക്കം പരസ്യമായി പ്രതികരിക്കുന്നത്. ഒട്ടും ജനാധിപത്യ രീതിയിലല്ല ഇവിടെ യൂണിയന്റെ പ്രവർത്തനം. ഡിഗ്രി പഠനത്തിനായി ദൂര നാടുകളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികളെയടക്കം പാർട്ടി പരിപാടികൾക്കായി നിർബന്ധിച്ച് ഇറക്കികൊണ്ട് പോകുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. ഇത് കൂടാതെ കോളേജ് അധികാരികൾ പോലും യൂണിയന്റെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട അവസ്ഥയാണ് ഇവിടെ എന്നും വിദ്യാർത്ഥികൾ പരസ്യമായി ആരോപിക്കുന്നുണ്ട്.