ചെന്നൈ: വരൾച്ചയിൽ വലയുന്ന ചെന്നൈ നഗരത്തിന്റെ ദാഹമകറ്റാൻ ജോലാർപ്പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് 25 ലക്ഷം ലിറ്റർ വെള്ളവുമായി 'ജല തീവണ്ടി" എത്തി.
5 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്നലെ ഉച്ചയോടെ ചെന്നൈയിലെ വില്ലിവാക്കം റെയിൽവേ സ്‌റ്റേഷനിലെത്തിയ ആദ്യ ജല തീവണ്ടിയെ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചെന്നൈക്കുള്ള കുടിവെള്ളം' എന്ന പോസ്റ്റർ പതിച്ച ട്രെയിൻ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ട്രെയിനും വെള്ളവുമായെത്തി. 50 വാഗണുകൾ ഘടിപ്പിച്ച ട്രെയിനിലെ ഓരോ വാഗണിലും 50,000 ലിറ്റർ ജലമാണുള്ളത്. ദിവസം 4 തവണയാണ് വെള്ളവുമായി ട്രെയിൻ ചെന്നൈയിലെത്തും.ഓരോ യാത്രയ്ക്കും 8.4 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടർ കോർപറേഷനിൽനിന്ന് റെയിൽവേ ഈടാക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ 65 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചെന്നൈ നഗരത്തിലേക്ക് ട്രെയിനിൽ കുടിവെള്ളമെത്തിക്കേണ്ടി വരുന്നത്.