machine

ബ്രിട്ടൻ: ഉപയോഗശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക് ഇനി പാഴ്‌വസ്തുവല്ല. കാറിലും വീട്ടിലുമൊക്കെ ഉപയോഗിക്കാനുള്ള ഇന്ധനവും വൈദ്യുതിയും നൽകുന്ന 'മുത്താണ്' ഇനി പ്ളാസ്റ്റിക്. കടൽത്തീരത്തും മറ്റും വലിച്ചെറിയുന്ന പുനരുപയോഗിക്കാനാവാത്ത പ്ളാസ്റ്റിക് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജൻ ഇന്ധനവും വൈദ്യുതിയും ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ ബ്രിട്ടനിലെ ചെസ്റ്റ‌ർ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകത്താദ്യമായാണ് ഇത്തരമൊരു കണ്ടുപിടിത്തം.

ചെഷയറിലെ തോംടൻ സയൻസ് പാർക്കിൽ സ്ഥാപിച്ച പരീക്ഷണയന്ത്രം രണ്ടുവർഷമായി നിരന്തരം പ്രവർത്തിക്കുകയാണ്. ഭക്ഷണം പൊതിയുന്ന പ്ളാസ്റ്റിക്കും കടൽതീരത്ത് അടിയുന്ന മണൽ നിറഞ്ഞ അഴുക്ക് പ്ളാസ്റ്റിക്കും ഉപയോഗിച്ച് ഈ യന്ത്രം ഹൈഡ്രജനും അതിന്റെ ഉപോത്പന്നമായി വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്.

ഈ കണ്ടുപിടിത്തം ലോകത്തെ പ്ളാസ്റ്റിക്കിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് രക്ഷിക്കാനുതകുമെന്നും ജാപ്പനീസ് സർക്കാർ പ്ളാന്റ് സ്ഥാപിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ചൈന, ഇന്ത്യ, ജപ്പാൻ, കൊറിയ, ഏഷ്യ തുടങ്ങി പ്ളാസ്റ്റിക് മാലിന്യത്താൽ വീർപ്പുമുട്ടുന്ന രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ പ്ളാന്റ് സ്ഥാപിക്കാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രവർത്തനം ഇങ്ങനെ

വൃത്തിയാക്കാത്ത പ്ളാസ്റ്റിക് 5 സെ.മീ നീളമുള്ള കഷണങ്ങളാക്കി 1000 ഡിഗ്രി സെൽഷ്യസിൽ ചൂളയിലിട്ട് ഉരുക്കുന്നു.

 ഇവ മെഷീനിലിട്ട് പേറ്റന്റുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ എന്നിവയുടെ സംയുക്തമായ സിൻ ഗ്യാസ് (സിന്തസിസ് ഗ്യാസ്) ഉണ്ടാക്കുന്നു.

സിൻ ഗ്യാസ് പ്രത്യേക മ‌ർദ്ദത്തിന് വിധേയമാക്കി കാർബൺ ഡൈ ഓക്സൈഡ് വേർതിരിക്കുന്നു.

ശേഷിക്കുന്നത് ഹൈഡ്രജൻ. ദിവസം രണ്ടു ടണ്ണോളം ലഭിക്കും.

ശേഷിച്ച ഗ്യാസ്, പ്രത്യേക ഗ്യാസ് എൻജിനിലൂടെ (ജനറേറ്റർ) കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.