goa-bjp

പനാജി: ഗോവയിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പത്ത് എം.എൽ.എമാരിൽ മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. ഇവർക്കൊപ്പം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മൈക്കേൽ ലോബോയ്ക്കും മന്ത്രി സ്ഥാനം നൽകുമെന്നാണ് സൂചന. ഇവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്ന് ബി. ജെ. പി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനം നൽകുന്ന കോൺഗ്രസ് വിമതരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. കോൺഗ്രസിനെ പിളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ബി. ജെ. പി എം. എൽ. എയാണ് മൈക്കേൽ ലോബോ.

കോൺഗ്രസ് വിട്ട 10 എം.എൽ.എമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ബി. ജെ. പി അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ബി. ജെ. പിയിൽ അംഗത്വമെടുക്കുകയും ചെയ്‌തിരുന്നു.

ഇതേസമയം, നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരിക്കെ കോൺഗ്രസ് എം.എൽ.എമാരെ അടർത്തിയെടുത്ത ബി.ജെ.പി നീക്കത്തെ വിമർശിച്ച് എൻ.ഡി.എ ഘടകകക്ഷിയായ ഗോവ ഫോ‍ർവേഡ് പാർട്ടി രംഗത്തെത്തി.

ബി.ജെ.പിയിൽ ചേർന്ന എം.എൽ.എമാർക്കെതിരെ കൂറുമാറ്റ നിരോധനത്തിന് പരാതി നൽകുമെന്ന് കോൺഗ്രസ് നിരീക്ഷകൻ ചെല്ല കുമാറും അറിയിച്ചു.

 സഖ്യകക്ഷി മന്ത്രിമാരെ ഒഴിവാക്കിയേക്കും

ബി.ജെ.പിക്ക് ഒറ്റയ്‌ക്കു ഭൂരിപക്ഷമായതോടെ സഖ്യകക്ഷി മന്ത്രിമാരെ ഒഴിവാക്കിയേക്കും. പുതിയ നാല് മന്ത്രിമാരെ ഉൾപ്പെടുത്താൻ കൂടിയാണിത്. ഘ‌ടകകക്ഷിയായ ഗോവ ഫോ‍ർവേഡ് പാർട്ടിയുടെ മൂന്ന് മന്ത്രിമാരെയും സ്വതന്ത്ര എം. എൽ. എയും

റവന്യൂ മന്ത്രിയുമായ റോഹൻ കൗന്തേയെയും ഒഴിവാക്കുമെന്നാണ് സൂചന.

പാർട്ടിയുടെ പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ വിജയ് സർദേശായി, വിനോദ് പൽയേക്കർ, ജയേഷ് സാൽഗോങ്കർ എന്നിവരാണ് ഗോവ ഫോർവേഡ് പാർട്ടിയുടെ മന്ത്രിമാർ.

40 അംഗ ഗോവ മന്ത്രിസഭയിൽ ബി.ജെ.പിക്ക് ഇപ്പോൾ 27 അംഗങ്ങളായി. കോൺഗ്രസ് 5 അംഗങ്ങളായി ചുരുങ്ങി.