ചെന്നൈ: 'ഞാൻ രുചിച്ച് ആസ്വദിക്കുന്നു' എന്ന തലക്കെട്ടിൽ ബീഫ് സൂപ്പ് കുടിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിന് മർദ്ദനം. നാഗപട്ടണം സ്വദേശിയും ഫോട്ടോകോപ്പി കട നടത്തിപ്പുകാരനുമായ മുഹമ്മദ് ഫിസാനെയാണ് (24) നാലംഗ സംഘം മർദ്ദിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ എ.എം.എം.കെ പാർട്ടി പ്രവർത്തകനായ എൻ. ദിനേഷ് കുമാർ (24), ആർ. അഗത്തിയൻ (29), എ. ഗണേഷ് കുമാർ (27), എം. മോഹൻകുമാർ (28) എന്നിവരാണ് അറസ്റ്റിലായത്. ഫോട്ടോ ഇട്ടതിനെ ചൊല്ലി മുഹമ്മദിനോട് വഴക്കിട്ട നാലംഗ സംഘം പിന്നീട് അക്രമാസക്തരാവുകയായിരുന്നു. തടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് ഇവർ മുഹമ്മദിനെ മർദ്ദിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദിന്റെ ബന്ധുക്കളും രംഗത്തെത്തി.