vd-satheeshan

തിരുവനന്തപുരം: കർണാടകയിലെ കോൺഗ്രസ് നേതാക്കളെ ബി.ജെ.പി റാഞ്ചിയതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ. ബംഗാളിലെ സി.പി.എം നേതാക്കളെ ബി.ജെ.പി 'ചാക്കിലാക്കിയത്' ചൂണ്ടിക്കാണിച്ച സതീശൻ, സ്വന്തം കണ്ണിലെ തടിയെടുത്ത് കളഞ്ഞ ശേഷം വേണം മറ്റുള്ളവരുടെ കണ്ണിലെ കരടിനെ കുറിച്ച് പിണറായി വിജയൻ അന്വേഷിക്കേണ്ടതെന്നും വിമർശിച്ചു.

സി.പി.എം നേതാക്കളെ ബി.ജെ.പി കൊണ്ട് പോയതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അഭിപ്രായമില്ലേയെന്നും, ബി.ജെ.പിയുടെ കുതിര കച്ചവടത്തെ എതിർക്കുന്നതിന് പകരം കോൺഗ്രസിനെ പരിഹസിക്കുകയല്ല പിണറായി വിജയൻ ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു. പ്ലാവില കാണിച്ചാൽ അതിന് പിന്നാലെ പോകുന്ന ആടുകളെ പോലെയാണ് കോൺഗ്രസ് നേതാക്കളെന്നായിരുന്നു പിണറായിയുടെ പരിഹാസം.

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല. ബി.ജെ.പിയിലേക്ക് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പോകുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അവർ ഇന്ന് ഏറ്റവും പരിഹാസ്യ യോഗ്യമായ നിലയിലാണ് ഉള്ളത്. ബി.ജെ.പിക്ക് അണികളെ സംഭാവന ചെയ്യുകയാണ് കോൺഗ്രസ് ഇപ്പോൾ. ബി.ജെ.പി ഒഴുക്കുന്ന പണത്തിന് പിന്നാലെ പായുകയാണ് കോൺഗ്രസ്. പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച രാഹുൽ ഗാന്ധിയേയും പിണറായി കണക്കിന് വിമർശിച്ചിരുന്നു.