gvhss

പയ്യോളി: പൂജ്യത്തിൽ നിന്ന് ഒരു സർക്കാർ സ്‌കൂളിന് എവിടെ വരെയെത്താം? മൂത്രപ്പുര പോലുമില്ലാതിരുന്ന നാണക്കേടിൽ നിന്ന് ഒരു ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വിജയം കണ്ട പരിശ്രമം പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ കോടിപതിയാക്കി.

പിരിച്ചെടുത്ത 1.32 കോടി രൂപ കൊണ്ട് നടപ്പാക്കിയ സംരംഭങ്ങൾ ചെറുതല്ല. 30 ലക്ഷത്തിന്റെ സയൻസ് ലാബ്, 50 സ്‌മാർട്ട് ക്ളാസ്റൂം, എഫ്.എം റേഡിയോ സ്റ്റേഷൻ, വെബ് കാസ്റ്റിംഗ്, സി.സി ടിവി, 40 ആധുനിക ടോയ്‍ലെറ്റുകൾ, വാട്ടർ കൂളറുകൾ, നാപ്കിൻ വെൻഡിംഗ് മെഷീൻ... നന്മയുടെ മാതൃകയായി, മറ്റൊന്നു കൂടി: സ്കൂളിലെ നാടോടി വിദ്യാ‌ർത്ഥിക്ക് ആറര ലക്ഷത്തിന്റെ സ്നേഹവീട്.

എല്ലാമുണ്ടായത് ഒറ്റ വർഷംകൊണ്ട്. പുതുതായി വന്ന ഹെഡ്മാസ്റ്റർ ബിനോയ് കുമാർ പി.ടി.എ മീറ്റിംഗിൽ ഒരു സ്വപ്നം പങ്കുവച്ചു: സ്കൂളിന് എല്ലാം വേണം. ഒരുമിച്ചു നിന്നാൽ ഒരു കോടി രൂപയുണ്ടാക്കാം. എവിടുന്ന്? അമ്പരപ്പിന്റെ ചോദ്യത്തിനു മുന്നിൽ ഹെഡ്മാസ്റ്റർ പുഞ്ചിരിച്ചു: പിരിവെടുക്കുക. നടക്കുമോ? നടക്കാത്തതെന്ത്? ആ ധൈര്യത്തിലായിരുന്നു തുടക്കം.

പ്രവാസികൾ മുതൽ മത്സ്യത്തൊഴിലാളികൾ വരെ സഹായിച്ചു. വ്യവസായപ്രമുഖരും പൂർവവിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും കൂടെനിന്നു. പിരിവ് ഒരു കോടി രൂപ തികയ്‌ക്കാൻ നിശ്ചയിച്ചിരുന്ന ദിവസമായപ്പോഴേക്കും അക്കൗണ്ടിലെത്തിയത് 1.32 കോടി രൂപ! ഇന്ന് പ്രവാസികളായ രക്ഷിതാക്കൾക്ക് സ്‌കൂൾ പരിപാടികൾ വിദേശത്തിരുന്ന് കാണാം. അദ്ധ്യാപകരുമായി സംസാരിക്കാം. സമരമില്ലാത്ത സർക്കാർ സ്കൂളിലേക്ക് എയ്ഡഡ് സ്കൂളുകളിൽ നിന്ന് ഇക്കുറിയെത്തിയത് 305 വിദ്യാർത്ഥികൾ. നാടു മുഴുവൻ ഹെഡ്മാസ്റ്റർക്കൊപ്പം നിന്ന് പദ്ധതികളോരോന്നായി നടപ്പാക്കുന്നതിനിടെ അദ്ദേഹത്തിന് സ്ഥലംമാറ്റ ഉത്തരവ്. രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ചു നിന്ന് പ്രതിഷേധിച്ചതോടെ അധികൃതർക്ക് തീരുമാനം മാറ്റേണ്ടിവന്നത് ഒരുമയുടെ മറ്റൊരു ജയം.

'ഒരു നാൾ ഒരു കോടി" എന്നു പേരിട്ട് തുടങ്ങിയ പദ്ധതി ഞങ്ങളുടെ അഭിമാനമായി. പൊതുസമൂഹത്തെ സഹകരിപ്പിച്ചാൽ എന്തു പദ്ധതിയും വിജയിപ്പിക്കാമെന്നതിന്റെ തെളിവാണിത്.

- കെ.എൻ. ബിനോയ്‌കുമാർ, ഹെഡ്മാസ്റ്റർ