മലപ്പുറം: ബി.ജെ.പിയിൽ ചേരാനൊരുങ്ങി മുസ്ലിം ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ സയിദ് ബാഖഫി തങ്ങളുടെ കൊച്ചുമകൻ. ഇത് സംബന്ധിച്ച് തങ്ങളുടെ കൊച്ചുമകൻ സയിദ് താഹ ബാഖഫി തങ്ങൾ ബി.ജെ.പി നേതാവ് എം.ടി രമേശുമായി കോഴിക്കോട് വച്ച് കൂടിക്കാഴ്ച നടത്തി. താൻ ബി.ജെ.പിയുടെ ഭാഗമാകുന്നതിന് എന്താണ് തടസ്സമെന്ന് ചോദിച്ച താഹ തങ്ങൾ ന്യൂനപക്ഷങ്ങളെ ന്യൂനപക്ഷങ്ങളെ സഹായിക്കാനായി ബി.ജെ.പിക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് പരിശോധിക്കുമെന്നും അതൊക്കെ താൻ നടപ്പിലാക്കും എന്നും അഭിപ്രായപ്പെട്ടു.
ബി.ജെ.പി ഒരിക്കലും പള്ളിയിൽ പോകേണ്ട എന്ന് മുസ്ലീങ്ങളോട് പറഞ്ഞിട്ടില്ലെന്നും താൻ തന്റെ വ്രതം കൃത്യമായി തുടരുമെന്നും താഹ തങ്ങൾ പറയുന്നു. തങ്ങളുടെ കുടുംബവും തങ്ങളുടെ തീരുമാനത്തോട് യോജിക്കുന്നതായി താഹ പറയുന്നു. ബി.ജെ.പിയുടെ കേരളത്തിലെ മെമ്പർഷിപ്പ് ക്യാംപയിൻ നീക്കങ്ങൾ ഊർജിതമായിരിക്കുന്ന സമയത്താണ് ഈ വാർത്ത പുറത്തുവരുന്നത്. മെമ്പർഷിപ്പ് ക്യാംപയിൻ അവസാനിക്കും മുൻപ് ന്യൂനപക്ഷത്തിൽ നിന്നും കൂടുതൽ നേതാക്കൾ ബി.ജെ.പിയുടെ ഭാഗമാകുമെന്നും എം.ടി രമേശ് ഉറപ്പ് പറയുന്നു.
എല്ലായിടത്തും നിന്നും എത്തുന്ന എല്ലാവരെയും ഉൾകൊള്ളിക്കുന്ന പ്രവർത്തനമാണ് ബി.ജെ.പിയുടേത്.ഇന്ത്യയുടെ എല്ലാ പ്രവർത്തകരും ജനവിഭാഗങ്ങളും ബി.ജെ.പിയോട് ഒപ്പം ഉണ്ടാകണം. കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച് എല്ലാ വിഭാഗങ്ങളിലേക്കും കടന്ന് ചെല്ലാൻ ബി.ജെ.പി ശ്രമിക്കും. എം.ടി രമേശ് പറയുന്നു. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ഭാഗമായിരുന്ന എ.പി അബ്‌ദുള്ളക്കുട്ടിയെ ബി.ജെ.പിയിൽ ചേർത്തത് ഈ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.