hal

ന്യൂഡൽഹി: ശത്രുപാളയത്തിൽ കടനുകയറി മിന്നാലാക്രണം നടത്തി കനത്ത് നാശനഷ്ടം വിതയ്ക്കാൻ കഴിയുന്ന ചെറു ഡ്രോണുകൾ അടങ്ങിയ ആയുധങ്ങൾ ഇന്ത്യക്കായി ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനം ഉപയോഗിച്ചാണ് ഡ്രോണുകളുടെ പ്രവർത്തനം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിലെ (എച്ച്.എ.എൽ) എൻജിനീയർമാരാണ് ഇന്ത്യയുടെ പുതിയ ആയുധം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ആയുധത്തിന്റെ പ്രോട്ടോടൈപ്പ് യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ . ബാലാക്കോട്ടിലെ ജയ്ഷെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് സമാനമായ ഓപ്പറേഷനുകൾക്ക് ഡ്രോണുകളെ ഉപയോഗിക്കാൻ കഴിയും. .

ആൽഫാ എസ് ( എയർ ലോഞ്ചഡ് ഫ്ളെെക്‌സിബിൾ അസ്സെറ്റ്) എന്നാണ് ചെറുഡ്രോണിന്റെ പേര്. സ്വാം എന്നാണ് ഇവയെ ആകെ വിശേഷിപ്പിക്കുന്നത്. ഒരു സ്വാം യൂണിറ്റിൽ ‌‌‌ഡസൻ കണക്കിന് ചെറു ഡ്രോണുകൾഉണ്ടാകും. നിലവിലെ ഡ്രോണുകളേക്കാൾ ചെറുതായതിനാൽ ശത്രുവിന്റെ റഡാരിൽ ഇവയെ പെട്ടെന്ന് കണ്ടെത്താനാകില്ല. കണ്ടെത്തിയാൽ തന്നെ നിലവിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഒറ്റയടിക്ക് ഇവയെമുഴുവനും തകർക്കാനും സാധിക്കില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ബലാക്കോട്ട് പോലെ അതീവ അപകട സാധ്യതയുള്ള ദൗത്യങ്ങളിൽ വ്യോമസേന പൈലറ്റുകൾക്ക് അപകടം സംഭവിക്കുന്ന സാദ്ധ്യതകൾ ഒഴിവാക്കാനാവും.

മടക്കിവെക്കാവുന്ന രണ്ട് ചിറകുകളാണ് ഡ്രോണുകള്‍ക്ക് ഉണ്ടാവുക. യുദ്ധവിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിഘടിപ്പിച്ചിട്ടുള്ള കാനിസ്റ്ററിനുള്ളിലാണ് ഈ ഡ്രോണുകളെ സൂക്ഷിക്കുക. ശത്രുവിമാനത്തിൽ നിന്നോ അവരുടെ വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്നോ സുരക്ഷിത അകലത്തിൽ നിന്ന് ഈ ഡ്രോണുകളെ വിക്ഷേപിക്കാം.മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ഇവ ശത്രുപാളയത്തിലേക്ക് പാഞ്ഞുകയറും. മണിക്കൂറുകളോളം തുടർച്ചയായി പറക്കാൻ സാധിക്കുന്ന തരത്തിൽ ഊർജം നില്‍ക്കുന്ന തരത്തിലുള്ള ശക്തമായ ബാറ്ററിയാണ് ഇവയിലുണ്ടാവുക.

പ്രോട്ടോടൈപ്പ് യാഥാർത്ഥ്യമായാൽ പരീശീലന വിമാനമായ ഹോക്ക് ജെറ്റിൽ നിന്നാകും ഇവയുടെ പരീക്ഷണം നടത്തുക.

ചാവേർ ആക്രമണം പോലെ ലക്ഷ്യത്തിലെത്തി സ്വയം പൊട്ടിത്തെറിക്കുകയാണ് ഓരോ ഡ്രോണുകളും ചെയ്യുക. ഇവയിലോരൊന്നിലും അതിശക്തമായ സ്‌ഫോടകവസ്തുക്കളുണ്ടാകും. അമേരിക്ക, ചൈന. റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവരെല്ലാം ഇത്തരമൊരു ആയുധത്തിന്റെ പണിപ്പുരയിലാണ്. ഇവരേക്കാൾ മുമ്പെ ഇന്ത്യ ലക്ഷ്യം കൈവരിക്കുമെന്നാണ് വിവരം.

ചൈനയിൽനിന്നുള്ള എച്ച്.ക്യു 9 മിസൈൽ സംവിധാനം സ്വന്തമാക്കി വ്യോമപ്രതിരോധത്തിനു പദ്ധതിയിടുന്ന പാക്കിസ്ഥാൻ നീക്കത്തിനു ശക്തമായ മറുപടിയായിരിക്കും ഇന്ത്യയുടെ ആൽഫാ. ശത്രു വിമാനങ്ങളെ 200 കിലോമീറ്റർ ദൂരത്തുനിന്നും കണ്ടെത്താനും തടയാനും ശേഷിയുള്ളതാണ് ചൈനയുടെ എച്ച്ക്യു 9. സിഎടിഎസ് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യ ആൽഫാ ഡ്രോണുകൾ നിർമിക്കുന്നത്.