ന്യൂഡൽഹി: അഞ്ചുവർഷത്തിനം അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാകാൻ കുതിക്കുന്ന ഇന്ത്യയ്ക്ക് മുന്നിലെ പാത കടുത്ത വെല്ലുവിളികൾ നിറഞ്ഞതാണെന്ന് വ്യക്തമാക്കി റീട്ടെയിൽ നാണയപ്പെരുപ്പ, വ്യാവസായിക വളർച്ചാ കണക്കുകൾ പുറത്ത്. റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ജൂണിൽ എട്ടുമാസത്തെ ഉയരമായ 3.18 ശതമാനത്തിലെത്തി.
റിസർവ് ബാങ്കിനെ ഏറെ ആശങ്കപ്പെടുത്തുന്ന ഭക്ഷ്യവിലപ്പെരുപ്പമാണ് കഴിഞ്ഞമാസം കുത്തനെ വർദ്ധിച്ചത്. ഇതോടെ, കഴിഞ്ഞ മൂന്നു തവണയായി പലിശനിരക്ക് കുറച്ച റിസർവ് ബാങ്ക്, അടുത്തമാസം പ്രഖ്യാപിക്കുന്ന ധനനയത്തിൽ പലിശ കുറയ്ക്കില്ലെന്ന് ഉറപ്പായി. മേയിലെ 1.83 ശതമാനത്തിൽ നിന്ന് 2.17 ശതമാനമായാണ് ജൂണിൽ ഭക്ഷ്യവിലപ്പെരുപ്പം ഉയർന്നത്.
സാമ്പത്തിക ലോകത്തെയും കേന്ദ്രസർക്കാരിനെയും ആശങ്കപ്പെടുത്തി മേയിൽ വ്യാവസായിക ഉത്‌പാദന വളർച്ച 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2018 മേയിൽ 3.8 ശതമാനവും കഴിഞ്ഞ ഏപ്രിലിൽ 4.3 ശതമാനവുമായിരുന്നു വളർച്ച. മാനുഫാക്‌ചറിംഗ്, ഖനന മേഖലകളുടെ തളർച്ചയാണ് തിരിച്ചടിയായത്.