കൊച്ചി: വിവാദത്തിലായ പാലാരിവട്ടത്തെ മേൽപ്പാലത്തിന്റെ മൂന്നിലൊന്ന് മാത്രം പൊളിച്ച് നീക്കിയാൽ മതിയെന്നും മുഴുവൻ പൊളിച്ച് മാറ്റേണ്ട കാര്യമില്ലെന്നും പറഞ്ഞ് 'മെട്രോമാൻ' ഇ. ശ്രീധരൻ. പാലത്തിന്റെ നിർമാണത്തിൽ കുഴപ്പങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സർക്കാരിന്റെ നിർദ്ദേശപ്രകാരം ഇ. ശ്രീധരൻ മേൽപ്പാലം പരിശോധിക്കാനായി എത്തിയിരുന്നു.
പണികൾ പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് സർക്കാർ ശ്രീധരന്റെ സഹായം തേടിയത്. മുഖ്യമന്ത്രി തന്നെ നേരിട്ട് അദ്ദേഹത്തെ വിളിപ്പിക്കുകയായിരുന്നു.
അതേസമയം ഇന്ന് വീണ്ടും പാലാരിവട്ടം മേൽപ്പാലത്തിൽ വിജിലൻസ് വീണ്ടും പരിശോധന നടത്തി. തൃശൂർ എൻജിനീയറിങ് കോളേജിൽ നിന്നുമുള്ള സിവിൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർമാരുടെ സഹായത്തോടെയാണ് വിജിലൻസ് പാലത്തിൽ പരിശോധന നടത്തിയത്.
മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിജിലൻസ് സംഘം പാലത്തിൽ തെളിവെടുപ്പ് നടത്തുന്നത്. പാലത്തിന്റെ തൂണുകളിലെ വിള്ളൽ, നിർമാണ വസ്തുക്കളുടെ ഉപയോഗം, പ്രൊഫൈൽ കറക്ഷനിൽ സംഭവിച്ച തെറ്റുകൾ എന്നിവ സംഘം വിലയിരുത്തും. വിഷയത്തിലുള്ള തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ പ്രതിപട്ടികയിലുള്ള 17 പേരെ വിജിലൻസ് ചോദ്യം ചെയ്യാൻ ആരംഭിക്കും.