തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ എസ്.എഫ്.ഐയെ പരിഹസിച്ച് ഇടതു വിദ്യാർഥി സംഘടന എ.ഐ.എസ്.എഫ്. മറ്റ് വിദ്യാർത്ഥി സംഘടനകളെ കോളേജിൽ നിന്നും പുറത്താക്കിയവർ തല്ലാൻ ആളെ കിട്ടാതെ വന്നപ്പോൾ പരസ്‌പ്പരം തല്ലുന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്റെ പരിഹാസം.
യൂണിവേഴ്സിറ്റി കോളജിൽ ഒറ്റ സംഘടനാ മാത്രമേ പാടുള്ളൂ എന്ന പിടിവാശിയുടെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവമെന്നും എ.ഐ.എസ്.എഫ് വിമർശിച്ചു. കോളേജിൽ ചിലർ സദാചാര പൊലീസ് ചമയുന്നതും പെൺകുട്ടികളെയും എ.ഐ.എസ്.എഫ് പോലുള്ള ഇതരസംഘടനകളുടെ നേതാക്കളെ മർദ്ദിക്കുന്നതും എസ്.എഫ്.ഐയുടെ മൗനാനുമതിയോടെയാണെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
സംഘടന വലുതാകുന്നതിന് വേണ്ടി ക്രിമിനലുകളെ ഉപാധികളില്ലാതെ സഹായിക്കുന്ന നയത്തിൽ നിന്നും എസ്.എഫ്.ഐ പിന്മാറേണ്ട സമയമായെന്നും ജനാധിപത്യം കൊടിയടയാളത്തിൽ മാത്രം പോരെന്നും എ.ഐ.എസ്.എഫ് ചൂണ്ടിക്കാട്ടി. കോളേജിൽ വച്ച് കുത്തേറ്റ അഖിലിനെ ആക്രമിച്ച പ്രതികളെ ഒട്ടും വൈകാതെ പിടികൂടണമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന കോളജ് പ്രിൻസിപ്പലിനെ ആ സ്ഥാനത്ത് നിന്നും മാറ്റണമെന്നും എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു.