മുംബയ്: ലോകകപ്പിൽ ഫൈനലിൽ എത്താതെ ഇന്ത്യ പുറത്തായതിനെ തുടർന്ന് ടീമിന്റെ പ്രകടനം വിലയിരുത്താൻ നായകൻ വിരാട് കൊഹ്‌ലിയേയും പ്രധാന പരിശീലകൻ രവി ശാസ്ത്രിയേയും ചീഫ് സെലക്‌ടർ എം.എസ്.കെ പ്രസാദിനേയും ബി.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതി അവലോകന യോഗത്തിന് വിളിച്ചു. സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതിയുടെ ചെയർമാനായ വിനോദ് റായ്, ഡയാന എഡുൽജി, ലഫ്. ജനറൽ രവി തോഡ്ഗെ എന്നിവരുൾപ്പെട്ട സമിതിയാണ് മൂവരേയും അവലോകന യോഗത്തിന് വിളിച്ചത്. ടീം അംഗങ്ങൾ ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ആഗസ്റ്രിൽ തുടങ്ങുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് മുമ്പായി യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ ടീമംഗങ്ങളുടെ പ്രകടനങ്ങളും ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാകുമെന്നാണ് വിവരം. റിസർവ് ലിസ്‌റ്രിലുണ്ടായിരുന്ന അമ്പാട്ടി റായ്‌ഡുവിനെ രണ്ട് താരങ്ങൾക്ക് പരിക്കേറ്രിട്ടും ടീമിലേക്ക് പരിഗണിക്കാതിരുന്നതും സെമി ഫൈനലിൽ നിർണായക സമയത്ത് പരിചയ സമ്പന്നനായ എം.എസ്. ധോണിക്ക് സ്ഥാനക്കയറ്റം നൽകാതിരുന്നതും ചർച്ചയാകുമെന്നും സൂചനയുണ്ട്. 2020ൽ അസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീമിനെ ഒരുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കും.