മുംബയ്: ആപ്പിളിന്റെ 'മെയ്‌ഡ് ഇൻ ഇന്ത്യ" ഐഫോണുകൾ അടുത്തമാസം ആഭ്യന്തര വില്‌പനയ്ക്കെത്തിയേക്കും. ഏതാനും അനുമതികൾ കൂടി ലഭ്യമായാൽ ഐഫോൺ എക്‌സ്.ആർ., എക്‌സ്.എസ് മോഡലുകളാണ് ആഗസ്‌റ്രിൽ വിപണിയിലെത്തുക. ഇന്ത്യയിൽ തന്നെയാണ് നിർമ്മാണമെന്നതിനാൽ, താരതമ്യേന മികച്ച വിലക്കുറവും ഫോണുകൾക്കുണ്ടാകും. നിലവിൽ, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ കസ്‌റ്രംസ് നികുതി ഐഫോണുകൾക്കുണ്ട്.
ആപ്പിളിനുവേണ്ടി ഫോക്‌സ്‌കോൺ ആണ് ചെന്നൈ പ്ളാന്റിൽ ഐഫോണുകൾ നിർമ്മിക്കുന്നത്. ആഭ്യന്തരമായി ഫോണുകൾ നിർമ്മിക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ വില്‌പന നേട്ടം കൊയ്യാമെന്നും വിപണിവിഹിതം ഉയർത്താമെന്നുമാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്.