ബെംഗളുരു: കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസവോട്ടെയുപ്പിന് അനുമതി തേടി. ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസവോട്ടെടുപ്പിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട കുമാരസ്വാമി അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
നിയമസഭാസമ്മേളനത്തിൽ 16 വിമത എം.എൽ.എമാരും പങ്കെടുത്തില്ല.എന്നാൽ എന്തുവില കൊടുത്തും വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് ഡി.ശിവകുമാർ അറിയിച്ചു. രാമലിംഗറെഡ്ഡിയടക്കം വിമതരിൽ ചിലർ മടങ്ങിയെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്നും.കേന്ദ്രഭരണം കയ്യിലുള്ളതിനാൽ എന്തും ചെയ്യാമെന്ന ചിന്തയിലാണ് ബി.ജെപിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ആത്മവിശ്വാസമുള്ളതുകൊണ്ടാണ് വിശ്വാസവോട്ടിന് അനുമതി തേടിയതെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന സർക്കാരുകളെ താഴെയിടാൻ ബി.ജെ.പി പണം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു
അതേസമയം എം.എൽ.എമാരെ റിസോർട്ടുകളിലേയ്ക്ക് മാറ്റുകയാണ്. തിങ്കളാഴ്ചയോ ബുധനാഴ്ചയോ സ്പീക്കർ വിശ്വാസവോട്ടെടുപ്പിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.