 2025ൽ ഇന്ത്യ മൂന്നാംസ്ഥാനത്തെത്തും

ന്യൂഡൽഹി: ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ഈവർഷം ലോകത്തെ ഏറ്രവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള വിപണി നിരീക്ഷകരായ 'ഐ.എച്ച്.എസ് മാർക്കിറ്രി"ന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഇക്കൊല്ലം മൂന്നുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയരും. 2025ഓടെ മൊത്ത ആഭ്യന്തര ഉത്‌പാദനം (ജി.ഡി.പി) 5.9 ലക്ഷം കോടി ഡോളറാകും. ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനവും നേടുമെന്ന് റിപ്പോർട്ടിലുണ്ട്.

2025ൽ ഇന്ത്യയുടെ ഉപഭോക്തൃ വിപണി 2019ലെ 1.9 ലക്ഷം കോടി ഡോളറിൽ നിന്നുയർന്ന് 3.6 ലക്ഷം കോടി ഡോളറാകും. 2025ഓടെ ഇന്ത്യയെ മൂന്നാംസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വിദേശ-സ്വകാര്യ നിക്ഷേപം, സേവിംഗ്‌സ് എന്നിവ വർദ്ധിപ്പിച്ചും കയറ്റുമതി മേഖലയ്ക്ക് ഉണർവേകിയുമാണ് ഈ ലക്ഷ്യത്തിലേക്ക് കുതിക്കാൻ സർക്കാർ ശ്രമിക്കുന്നത്.

ബിസിനസ് സൗഹാർദ്ദ രാജ്യങ്ങളുടെ പട്ടികയിൽ 77-ാം റാങ്കിലേക്ക് ഇന്ത്യ കുതിച്ചെത്തിയിരുന്നു. ആകെ 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതേസമയം, ബിസിനസ് കരാറുകൾ വിജയകരമായി നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 163-ാം സ്ഥാനത്താണ്. ഈ റാങ്കിംഗ് കൂടി മെച്ചപ്പെടേണ്ടത്, നിക്ഷേപം ആകർഷിക്കാൻ അനിവാര്യമാണെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ സാമ്പത്തിക സർവേ സൂചിപ്പിച്ചിരുന്നു.

ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്ന് ഒട്ടേറെ വെല്ലുവിളികൾ ഇന്ത്യ നേരിടുമെങ്കിലും നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ 2019-23 കാലയളവിൽ ഇന്ത്യയുടെ ശരാശരി ജി.ഡി.പി വളർച്ച ഏഴ് ശതമാനമായിരിക്കുമെന്നും ഐ.എച്ച്.എസ് മാർക്കിറ്ര് അഭിപ്രായപ്പെട്ടു.