sfi

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞെത്തിയ ഫേസ്ബുക്ക് പേജ് തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ളതല്ലെന്ന് എസ്.എഫ്‌.ഐ. സംഘടനയെ കരി വാരി തേയ്‌ക്കാനും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും മുതലെടുക്കാനും ശ്രമിക്കുന്നവരാണ് ഈ പേജിന് പിന്നിലെന്നും പറഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ രംഗത്ത് വന്നത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെന്നും 'എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി' എന്ന് പേരുള്ള ഫേസ്ബുക്ക് പേജിലൂടെ എസ്.എഫ്.ഐ അറിയിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഭിജിത്ത് ജെ.ജെ, സെക്രട്ടറി റിയാസ് വഹാബ് എന്നിവരാണ് ഫേസ്ബുക്ക് പേജിലൂടെ ഈ വിശദീകരണം നൽകിയത് എന്നാണ് അറിയുന്നത്.

അൽപ്പനേരം മുൻപാണ് വിദ്യാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും ഹീറോ പേനകൊണ്ട് സ്വയം കുത്തി പരിക്കേൽപ്പിച്ച വിദ്യാർത്ഥിയെ കത്തി കൊണ്ട് കുത്തിയതാണെന്ന് വരുത്തിത്തീർത്തത് മാദ്ധ്യമങ്ങളാണെന്നും പറഞ്ഞുകൊണ്ടാണ് ഈ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിദ്യാർത്ഥികൾ തമ്മിൽ തമാശയ്ക്ക് തുടങ്ങിയ സംഘർഷമാണ് ഈ രീതിയിൽ പരിണമിച്ചതെന്നും പോസ്റ്റിൽ വിശദീകരണമുണ്ട്. ഇനിയും ഈ പോസ്റ്റ് ഇവർ പിൻവലിച്ചിട്ടില്ല. 'എസ്.എഫ്.ഐ തിരുവനന്തപുരം' എന്നാണ് ഈ ഫേസ്ബുക്ക് പേജിന്റെ പേര്.