federer

ലണ്ടൻ: ക്ലാസിക് സെമി പോരാട്ടത്തിൽ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാലിനെ കീഴടക്കി സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6, 6-1, 6-3, 6-4നാണ് ഫെഡററുടെ ജയം. ഇത് പന്ത്രണ്ടാം തവണയാണ് ഫെഡറർ വിംബിൾഡണിന്റെ ഫൈനലിൽ എത്തുന്നത്. 37കാരനായ ഫെഡറർ 8തവണ വിംബിൾഡൺ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ആധുനിക കാലത്ത് ഏറ്രവും കൂടുതൽ വിംബിൾഡൺ കിരീടങ്ങൾ നേടിയ താരമാണ് ഫെഡറർ. നാളെ നടക്കുന്ന ഫൈനലിൽ ലോക ഒന്നാംനമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചാണ് ഫെഡററുടെ എതിരാളി.

ഇന്നലെ നടന്ന ആദ്യ സെമിയിൽ സ്പാനിഷ് താരം റോബർട്ടോ ബൗറ്രിസ്റ്റ അഗട്ടിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 4-6, 6-3, 6-2ന് വീഴ്ത്തിയാണ് സെർബ് സെൻസേഷൻ ജോക്കോവിച്ച് ആറാം തവണ വിംബിൾഡൺ ഫൈനൽ ഉറപ്പിച്ചത്. ഈ വർഷം രണ്ട് തവണ താൻ കീഴടക്കിയ ജോക്കോവിച്ചിനെതിരെ രണ്ടാം സെറ്റ് സ്വന്തമാക്കി പൊരുതി നോക്കിയെങ്കിലും പിന്നീട് ലോക ഒന്നാം നമ്പർ താരത്തിന് വെല്ലുവിളിയാകാൻ അഗട്ടിന് കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണെ കീഴടക്കിയാണ് കഴിഞ്ഞ തവണ ജോക്കോ വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടത്.

6-ാം വിംബിൾഡൺ ഫൈനലിലാണ് ജോക്കോവിച്ച് എത്തിയത്

4-തവണ വിംബിൾഡണിൽ ചാമ്പ്യനായിട്ടുണ്ട്

25-ാം ഗ്രാൻഡ്സ്ലാം ഫൈനലിനാണ് ജോക്കോവിച്ച് ഒരുങ്ങുന്നത്

അവസാനം കളിച്ച 13 ഗ്രാൻഡ്സ്ലാം സെമി ഫൈനലുകളിൽജോക്കോവിച്ചിന്റെ 12-ാം ജയമാണിത്

വനിതാ ഫൈനൽ ഇന്ന്

വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് സെറീന വില്യംസും സിമോണ ഹാലപ്പും തമ്മിൽ ഏറ്രുമുട്ടും. ഇന്ത്യൻസമയം വൈകിട്ട് 6.30 മുതലാണ് മത്സരം.