university-issue

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി നേതാക്കൾ ഗുണ്ടകളെപോലെയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. രാവിലേയും വൈകിട്ടും യൂണിറ്റിലെ മുപ്പതംഗ സംഘം കാമ്പസിൽ റൗണ്ട്സ് ചുറ്റും. യൂണിറ്റ് കമ്മറ്റിയിൽ ഉള്ളവർ ക്ലാസിൽ കയറാറില്ല. നിർബന്ധിത പണപിരിവ് നൽകണം. നൽകിയില്ലെങ്കിൽ മർദ്ദനമാണ്. എസ്.എഫ്‌.ഐ അനുഭാവികളാണെങ്കിലും മർദ്ദിക്കും. പാർട്ടി അംഗങ്ങളുടെ മക്കൾക്ക് പോലും മർദ്ദനം ഏറ്റിട്ടുണ്ട്. ആൺകുട്ടികളെ സ്വന്തം ക്ലാസിലെ പെൺകുട്ടികളോട് പോലും സംസാരിക്കാൻ നേതാക്കൾ അനുവദിക്കാറില്ല. ജീൻസോ ലെഗിൻസോ പാടില്ല. കാമ്പസിൽ കൂട്ടംകൂടിനിന്നാൽ ഭീഷണിപ്പെടുത്തി ക്ലാസിലേക്ക് അയയ്ക്കും. നേതാക്കൾ ക്ലാസുകളിൽ കയറാറുമില്ല. യൂണിയൻ ചെയർമാനാകാൻ സപ്ലിമെന്ററി പാടില്ല, നിശ്ചിത ഹാജർ വേണം എന്നൊക്കെ നിബന്ധനയുണ്ട്. പക്ഷേ ഇവിടത്തെ ചെയർമാൻ ക്ലാസിൽ കയറാറില്ലെന്ന് പെൺകുട്ടികൾ തന്നെ പറഞ്ഞു.

മൂന്ന് വർഷമായി മർദ്ദനം സഹിക്കുകയാണെന്നും ഇനി തുടരാൻ കഴിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. എതിർക്കുന്നവരെ ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കും. പണം നൽകാത്ത അന്ധവിദ്യാർത്ഥിയെ വരെ മർദ്ദിച്ചിട്ടുണ്ട്. കോളേജ് അധികൃതർക്ക് പരാതി നൽകിയാലും നടപടിയില്ല. എസ്.എഫ്. ഐ. നേതാക്കളുടെ മർദ്ദനത്തിൽ മൂന്ന്പൊലീസുകാർക്ക് ഗുരുതരമായ പരിക്കേറ്റിട്ടും നടപടി ഉണ്ടായിട്ടില്ല.

മകന്റെ ജീവന് ഭീഷണി

മകൻ ഒന്നര വർഷം മുമ്പ് കോളേജിൽ എസ്.എഫ്.ഐയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് അഖിലിന്റെ അച്ഛൻ ചന്ദ്രൻ പറഞ്ഞു. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എല്ലാവരെയും ഒരുമിച്ചിരുത്തി ജില്ലാ സെക്രട്ടറി ചർച്ച നടത്തിയിരുന്നു. ഇനി ആക്രമണമുണ്ടാകില്ലെന്ന് എസ്.എഫ്.ഐ നേതാക്കൾ അന്ന് ഉറപ്പ് നൽകിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് മകൻ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും ചന്ദ്രൻ പറഞ്ഞു.

കാലാകാലങ്ങളായി ഉണ്ടാവുന്നതാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം. നിയമത്തിന്റെ നൂലാമാലകൾ ഉള്ളതു കൊണ്ടാണ് ശിക്ഷ നീണ്ടുപോവുന്നത്.

കാനം രാജേന്ദ്രൻ

സി.പി.ഐ സംസ്ഥാന സെക്രട്ടറി

വ്യക്തിപരമായ പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചത്. എസ്.എഫ്‌.ഐ പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും.

സച്ചിൻ ദേവ്,

എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി

ഇതര വിദ്യാർത്ഥി സംഘടനകളെ പടിക്ക് പുറത്താക്കിയവർ തല്ലാൻ ആളെ കിട്ടാതെ വന്നപ്പോൾ തമ്മിലടിക്കുന്നു.

ശുഭേഷ് സുധാകരൻ

എ.ഐ.എസ്.എഫ് .സംസ്ഥാന സെക്രട്ടറി