ലണ്ടൻ: ഏകദിന ലോകകപ്പിന്റെ പുതിയ അവകാശികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ ദൂരംമാത്രം. നാളെ വൈകിട്ട് മൂന്നിന് ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലൻഡും ലോകകിരീടത്തിനായുള്ള കലാശപ്പോരാട്ടത്തിനിറങ്ങും. ഇതുവരെ കിരീടം നേടിയില്ലാത്ത ടീമുകൾ തമ്മിലുള്ള ഫൈനലിൽ ആരാകും വിജയിച്ച് ലോക കിരീടത്തിൽ കന്നിമുത്തമിടുകയെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ആതിഥേയരും റാങ്കിംഗിൽ മുന്നിലുള്ളവരുമായ ഇംഗ്ലണ്ടിനാണ് കടലാസിൽ മുൻതൂക്കമെങ്കിലും ഇന്ത്യയെപ്പോലെ കരുത്തുറ്റ സംഘത്തെ കുറഞ്ഞ സ്കോറിൽ പ്രതിരോധിച്ച് ഫൈനലിൽ എത്തിയ ന്യൂസിലൻഡിന്റെ ശക്തി ആരും കുറച്ചു കാണുന്നില്ല.
തുടർച്ചയായ രണ്ടാം ഫൈനൽ
തുടർച്ചയായ രണ്ടാം ഫൈനലിനാണ് കിവീസ് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ ആസ്ട്രേലിയയോട് ഫൈനലിൽ തോറ്ര് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കുകയെന്നതിൽ കുറഞ്ഞ് ഒരു ലക്ഷ്യവും വില്യംസണും സംഘത്തിനുമില്ല.
27 വർഷത്തിന് ശേഷം
1992ന് ആദ്യമായാണ് ഇംഗ്ലണ്ട് ഏകദിന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. ഇതിനു മുമ്പ് 1992ലാണ് ഇംഗ്ലണ്ട് അവസാനമായി ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിച്ചത്. അന്ന് അവർ പാകിസ്ഥാനോട് തോൽക്കുകയായിരുന്നു. രണ്ടായിരത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഏകദിന ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്.
ചരിത്രം ആവർത്തിക്കുമോ?
കഴിഞ്ഞ രണ്ട് തവണയും ആതിഥേയ രാഷ്ട്രങ്ങളാണ് ലോകകിരടത്തിൽ മുത്തമിട്ടത്. 2011ൽ ഇന്ത്യയും 2015ൽ ആസ്ട്രേലിയയും സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ചാമ്പ്യൻമാരായി. ആ ചരിത്രം ഇത്തവണയും ആവർത്തിക്കണേയെന്ന പ്രാർത്ഥനയിലാണ് ഇംഗ്ലണ്ട്.
ഇത്തവണ
ഏറെക്കുറെ ഒരുപോലെയാണ് ഈ ലോകകപ്പിൽ ഇരുടീമുകളുടെയും പ്രകടനം. നന്നായി തുടങ്ങി ഇടയ്ക്കൊന്ന് കിതച്ച ഇരുടീമും അവസാന നിമിഷമാണ് സെമി ഉറപ്പിച്ചത്.
ഇംഗ്ലണ്ട് 9 മത്സരങ്ങളിൽ നിന്ന് 6 ജയവും 3 തോൽവിയും ഉൾപ്പെടെയ 12 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് സെമിയിൽ എത്തിയത്. ന്യൂസിലൻഡ് 9 മത്സരങ്ങളിൽ നിന്ന് 5 ജയവും മൂന്ന് തോൽവിയുമുൾപ്പെടെ 11 പോയിന്റുമായാണ് അവസാന നാലിൽ എത്തിയത്.
സെമിയിൽ ന്യൂസിലൻഡ് 18 റൺസിന് ഇന്ത്യയെ കീഴടക്കി. നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയയെ 8 വിക്കറ്രിനാണ് ഇംഗ്ലണ്ട് കീഴടക്കിയത്.
ടിക്കറ്റിന്
13 ലക്ഷം
വരെ
ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഫൈനലിന്റെ ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റു തീർന്നതോടെ ടിക്കറ്റിന് കരിഞ്ചന്തയിൽ തീവില. പതിനാറായിരം പൗണ്ട് (ഏകദേശം പതിമ്മൂന്ന് ലക്ഷത്തി എഴുപത്തെണ്ണായിരും രൂപ) വരെ ടിക്കറ്റിന് കരിഞ്ചന്തയിൽ വിലയുണ്ട്.
അതേ സമയം ഔദ്യോഗികമായ ഔട്ടലെറ്റുകളിൽ നിന്നല്ലാതെ ശേഖരിച്ച ടിക്കറ്റുകളുമായെത്തുന്നവരെ സ്റ്റേഡിയത്തിന് അകത്ത് കയറ്രില്ലെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്.