നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തമിഴ് മുസ്ലിം യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. നാഗപട്ടണം പൊറവച്ചേരി സ്വദേശിയായ 24കാരൻ മുഹമ്മദ് ഫൈസാനെയാണ് ഒരുകൂട്ടം ആൾക്കാർ വളഞ്ഞിട്ട് തല്ലിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ നാഗപട്ടണം പൊലീസ് ചുമത്തിയിരിക്കുന്നത്.
ഹിന്ദു മക്കൾ കച്ചി എന്ന് പേരുള്ള ഒരു സംഘടനയാണ് ഫൈസാനെ ആക്രമിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഏതാനും നാളുകൾക്ക് മുൻപ് ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് യൂനുസ് എന്നയാളെയും സംഘടന ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഫൈസാൻ ചിത്രം പോസ്റ്റ് ചെയ്തത് എന്നാണ് വിവരം.
വ്യാഴാഴ്ചയാണ് താൻ ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം മുഹമ്മദ് ഫൈസാൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. താൻ കഴിക്കുന്ന ബീഫ് സൂപ്പിന്റെ രുചിയും മറ്റും വിവരിച്ചാണ് ഫൈസാൻ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് ഏതാനും പേര് ഫൈസാന്റെ വീട്ടിലെത്തി ചിത്രം പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി.
പിന്നീട് ഇയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവർ ആക്രമണം നടത്തുകയായിരുന്നു. ഫൈസാൻ ഇപ്പോൾ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘടനയിലെ എൻ.ദിനേശ് കുമാർ, ആർ അഗതിയൻ, എ. ഗണേഷ്‌കുമാർ, എൻ. മോഹൻ കുമാർ എന്നിവരെയാണ് ഈ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.