തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ വധശ്രമത്തിനു കേസെടുത്തു. യൂണിറ്റ് ഭാരവാഹികളടക്കമുള്ളവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് കോളേജിലുണ്ടായ സംഘർഷത്തിനിടെ അഖിലിനെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമൽ എന്നിവരെ സസ്പെൻഡ് ചെയ്തതായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് മൂന്ന് പൊലീസുകാരെ റോഡിലിട്ട് തല്ലിയ കേസിലെ പ്രതികളാണ് നസീമും ആരോമലും.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ എസ്.എ.ഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് അഖിലിനെ കുത്തിയെന്നാണ് പൊലീസ് പറയുന്നത്.
നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.