naghvi

ന്യൂഡൽഹി: ശ്രീരാമനെ പുകഴ്ത്തുന്ന 'ജയ് ശ്രീറാം' എന്ന വാചകം ഉച്ചരിക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ലെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്ത്താർ അബാസ് നഘ്‌വി. എന്നാൽ 'ജയ് ശ്രീറാം വിളിച്ചുകൊണ്ട് ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്നവരെയെല്ലാം പിടികൂടാൻ സാധിച്ചിട്ടുണ്ടെന്നും ഇത്തരം കുറ്റങ്ങൾ തടയാൻ ആവശ്യമായ രാജ്യത്ത് നിലവിലുണ്ടെന്നും നഘ്‌വി‌ ചൂണ്ടിക്കാട്ടി.

'കുറ്റവാളികളെ പിടിക്കൂടാത്ത ഒരു ആൾക്കൂട്ട കൊലയും ഇവിടെ നടന്നിട്ടില്ല. രാജസ്ഥാനിലാണെങ്കിൽ 6 മാസത്തേക്ക് ആൾകൂട്ടക്കൊലയിൽ കുറ്റാരോപിതനായ ആൾക്ക് ജാമ്യം അനുവദിച്ചില്ല. ഉത്തർ പ്രദേശിലാണെങ്കിൽ നാല് മണിക്കൂറിനുള്ളിൽ പൊലീസ് കുറ്റവാളികളെ കണ്ടെത്തി. ഏത് സമയത്തും കുറ്റവാളികൾക്കെതിരെ നടപടി എടുത്തിരുന്നു. ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ല. എന്നാൽ വന്ദേ മാതരം അത് പോലെയല്ല. അക്കാര്യത്തിൽ ആർക്കും പിടിവാശി പാടില്ല.' മുഖ്ത്താർ അബാസ് നഘ്‌വി‌ പറഞ്ഞു.

രാജ്യത്തിന്റെ വികസനം തടസപ്പെടുത്താൻ വർഗീയ ശക്തികളെ അനുവദിക്കില്ലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി, ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തിയുള വികസനം ബി.ജെ.പി സർക്കാർ മുന്നോട്ട് കൊണ്ടുപോകുമെന്നും പറഞ്ഞു. എന്നാൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെ കാരണമല്ല ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിൽക്കുന്നതെന്നും, മതേതരത്വം ഇന്ത്യയുടെ 'ഡി.എൻ.എ'യിൽ അടങ്ങിയിട്ടുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏത് ഗ്രാമത്തിൽ ചെന്നാലും, ഹിന്ദുവായാലും, മുസ്ലിമായാലും അവിടുള്ളവർ 'റാം, റാം' എന്ന് ഉച്ചരിക്കാറുണ്ടെന്നും നഘ്വി പറഞ്ഞു.