shoelace

സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും കടന്നുകയറാൻ ആരംഭിച്ചതോടെയാണ് മനുഷ്യർ തമ്മിലുള്ള വിടവുകൾ കൂടാൻ തുടങ്ങിയത്. എവിടെ നോക്കിയാലും മൊബൈലിൽ കണ്ണൊട്ടിച്ച് ഇരിക്കുന്ന ആൾക്കാരെയാണ് കാണാൻ സാധിക്കുക. തൊട്ടടുത്തിരിക്കുന്നൃ മനുഷ്യരോട് കുശലം ചോദിക്കാനോ അവരെ ഒന്ന് നോക്കാനോ പോലും സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും നമ്മളെ അനുവദിക്കാറില്ല. ഫേസ്ബുക്കിലും ട്വിറ്ററിലും അനേകം കൂട്ടുകാരെ നേടുന്ന പലരും സ്വന്തം ഭാര്യയുടെയോ, കാമുകിയുടെയോ, മക്കളുടെയോ മുഖത്ത് നോക്കാനോ, അവരുമായി സംസാരിക്കാനോ പലപ്പോഴും സമയം കണ്ടെത്താറുമില്ല.

എന്നാൽ പഴയ സോഷ്യൽ മീഡിയ ഫോർമാറ്റുകളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ . മനുഷ്യരെ വിർച്ചുവൽ ആയി മാത്രമല്ല, നേരിട്ട്, മുഖാമുഖം കാണാനും, പരസ്പരം ഇടപഴകാനും ഉള്ള സംവിധാനമാണ് ഗൂഗിൾ ഒരുക്കുന്നത്. 'ഷൂ ലെയ്സ്' എന്നാണ് ഈ പുതിയ ആപ്പിന് ഗൂഗിൾ പേര് നൽകിയിരിക്കുന്നത്. സമാന ചിന്താഗതികളും അഭിരുചികളും ഉള്ളവരെയാണ് ഈ ആപ്പിലൂടെ ഗൂഗിൾ അടുപ്പിക്കുക. പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും നല്ല ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്കും ഈ ആപ്പ് ഉപയോഗിക്കാം.

ഒരേ സിനിമ, ഗാനങ്ങൾ, പുസ്തകങ്ങൾ, ഭക്ഷണം എന്നിവ ഇഷ്ടപ്പെടുന്നവരെ ഗൂഗിൾ ഇതിലൂടെ കണ്ടെത്തി ഒരുമിപ്പിക്കും. പുതിയ സ്ഥലങ്ങളിൽ എത്തിച്ചേരുന്നവർക്കും മറ്റും ഈ ആപ്പ് വഴി സ്ത്രീ പുരുഷ ഭേദമന്യേ സുഹൃത്തുക്കളെ കണ്ടെത്താൻ സാധിക്കും. ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച് മേക്കിങ് സംവിധാനമാണ് 'ഷൂലെയ്സി'ലും ഉള്ളത്. എന്നാൽ കൃത്യമായ വെരിഫിക്കേഷനിലൂടെയാണ് ഗൂഗിൾ ഓരോ അംഗത്തെയും തിരഞ്ഞെടുക്കുക. ഉപഭോക്താക്കളുടെ സുരക്ഷയും സൗകാര്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണിത്. നിലവിൽ അമേരിക്കയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ 'ഷൂലെയ്സ്' പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. വൈകാതെ ഈ ആപ്പ് ഇന്ത്യയിലേക്കും എത്തിച്ചേരും എന്നാണ് അറിയുന്നത്.