കാത്തിരിപ്പ് (കഥ)
ശ്രീനി തലസ്ഥാന നഗരിയിലേക്ക് ജോലി സംബന്ധമായി ഏതാണ്ട് ഒരാഴ്ചത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ വളരെ ലാഘവമായി താൻ എടുത്തു. ഒരാഴ്ച ഓടിപോകുമെന്നാശ്വസിച്ചു. ആദ്യദിവസം തന്നെ ഒന്നും ചെയ്യുവാനില്ലാത്തതുപോലെ. അല്ലെങ്കിൽ ഒന്നും ചെയ്യുവാൻ മനസ് വരാത്തതുപോലെ.
ചെയ്തുതീർക്കേണ്ട ജോലികളുണ്ട്. വായിക്കുവാനും എഴുതുവാനുമുണ്ട്. പത്രം വായിച്ചെന്നും വരുത്തി. എന്തുകൊണ്ടോ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പ്രയാസപ്പെട്ടു. ഭക്ഷണം ഉണ്ടാക്കുവാനും കഴിക്കുവാനും ഉത്സാഹം തോന്നിയില്ല.
സുഹൃത്തുക്കളെ വിളിച്ചു സംസാരിച്ചാലോ എന്ന ചിന്ത ഉദിച്ചു. പക്ഷേ ഒരു മൂഡും തോന്നിയില്ല. ടി.വി ആയാലോ? അതിലും മനസ് നിന്നില്ല. തനിക്കെന്തേ ഇങ്ങനെ?
വൈകുന്നേരമായിട്ടും ഒന്നും ചെയ്തു തുടങ്ങിയില്ല തീർന്നുമില്ല. ഒന്നു കിടന്നാലോ - ഇല്ല - ഉറക്കവും കൈവിട്ടിരിക്കുന്നു. സന്ധ്യയായി. പതിവുപടി വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു. അവിടെയും ഏകാഗ്രത തെന്നിമറിഞ്ഞുപോകുന്നു.
ഏതാണ്ട് ആറരയോടെ വാതിലുകളും ജനലുകളും അടച്ചു. ഇരുൾപരക്കും തോറും അകാരണമായ ഭീതിയും ഒരേകാന്തതയും.
സന്ധ്യയാകുമ്പോഴേയ്ക്കും അമ്മ വാതിലും ജനലുമെല്ലാം അടയ്ക്കുമ്പോൾ ''ഈ അമ്മയ്ക്കെന്തൊരു പേടിയാ, ഞാനില്ലേ അമ്മയ്ക്കടുത്ത്" എന്ന് ചോദിച്ചിരുന്ന താനിന്ന് സന്ധ്യയായപ്പോഴേക്കും എല്ലാം അടച്ചുകുറ്റിയിട്ടിരിക്കുന്നു.
''എടോ, സുഖമായി എത്തി. പേടിക്കേണ്ട, ഞാനടുത്തുണ്ടെന്ന് കരുതിക്കോളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം.""
ശ്രീനി ഫോണിൽ വിളിച്ചു പറഞ്ഞു.
എല്ലാം മൂളികേട്ടു.
ഷോർട്ട് സർക്യൂട്ട് മൂലം ഒരു തീപിടുത്തം. ബാത്ത് റൂമിൽ കാൽവഴുതി രാത്രി തലയിടിച്ച് വീണാൽ? അപകടം പതിയിരിക്കുന്ന വഴികൾ എത്രയെത്ര. ജീവിതത്തിൽ ഒരിക്കലും ഇതുവരെ ഒറ്റപ്പെടാതിരുന്ന താൻ ഇന്ന് ഒറ്റപ്പെട്ടിരിക്കുന്നു.
അച്ഛന്റെ മരണം ജീവിതത്തിനേറ്റ വലിയൊരാഘാതമായിരുന്നു. അമ്മ കൂടി വിട്ടു പിരിഞ്ഞപ്പോൾ പൂർണമായും അനാഥയായി. അമ്മ ഒരിക്കൽപോലും തന്നെ ഒറ്റയ്ക്കാക്കിയിട്ടില്ല. ഒരിടത്തും ഒറ്റയ്ക്ക് പോയിട്ടുമില്ല. എപ്പോഴും ആരെങ്കിലും കൂടെ കാണും.
ഇന്ന് ഇവിടെ ഒറ്റയ്ക്കായിരിക്കുന്നു. അച്ഛൻ കൈപിടിച്ചേല്പിച്ച ജീവിതപങ്കാളിയും തന്നെ തനിച്ചാക്കിയിരിക്കുന്നു. കുറച്ചുദിവസങ്ങൾക്കാണെങ്കിൽ പോലും. പക്ഷേ ജോലി സംബന്ധമായി പോകാതിരിക്കുവാൻ പറ്റുമോ?
ന്യായീകരിക്കുവാൻ ആശ്വാസം കണ്ടെത്തുവാൻ മനസ് കിണഞ്ഞു ശ്രമിച്ചു. പരാജയപ്പെട്ടു. ടി.വി കുറച്ചുനേരം കണ്ടു. ബ്രഡും ജാമും ഒരുപീസ് കഴിച്ചെന്നുവരുത്തി. വിശപ്പും കൈവിട്ടിരിക്കുന്നു. വായിക്കണമെന്നുറച്ചു. വായിച്ചുകിടന്നാൽ ഉറങ്ങിപ്പോകുമല്ലോ. പക്ഷേ അക്ഷരങ്ങൾ വഴങ്ങുന്നില്ല. അവയും പിണങ്ങിയിരിക്കുന്നു.
എങ്ങും നിശബ്ദത. ചുറ്റുപാടുമുള്ള ശബ്ദകോലാഹലങ്ങൾ എല്ലാം നിലച്ചിരിക്കുന്നു. സമയമേറെ കടന്നിരിക്കണം. കിടന്നിട്ടുറക്കവും വരുന്നില്ല. രാത്രിയുടെ മാത്രം സ്വന്തമായ നിശബ്ദതയുടെ ശബ്ദങ്ങൾ കേൾക്കാം.
അച്ഛനേയും അമ്മയേയും ചങ്ങാതികളായിരുന്ന നായ്ക്കുട്ടികളേയും ഓർത്തുകിടന്നു. മക്കളുടെ സുരക്ഷിതത്വം അമ്മയെപ്പോലെ ആരും നോക്കുകയില്ലെന്ന് അനുഭവിച്ചറിഞ്ഞു. ഏറ്റവും സുരക്ഷിതയായിരുന്ന താനിന്ന് തികച്ചും ഒറ്റയ്ക്കായിരിക്കുന്നു.
തന്റെ വെൽവിഷറായ സിസ്റ്റർ മാരിയറ്റ എപ്പോഴും പറയാറുളളതോർത്തു.
''ഒറ്റയ്ക്കാണെന്ന് വിചാരിക്കരുത്. ദൈവം കൂട്ടിനുണ്ട്. കൂടെ അച്ഛനമ്മമാരുടെ ആത്മാക്കളും. അവർ നമ്മെ കാത്തുകൊള്ളും.""
ശരിയാണ്. അവർ നമ്മെ തീർച്ചയായും കാക്കും. കാക്കണം. തനിക്കാരുമില്ലല്ലോ. താൻ ഒറ്റയ്ക്കായിരിക്കുന്നു.
വേണ്ടാത്ത ചിന്തകൾ പിടിമുറുക്കുന്നു. ഓർക്കാതിരിക്കുവാൻ ശ്രമിക്കുന്തോറും അവ കൂടുതൽ ശക്തിയാർജ്ജിച്ച് തെളിയുകയായി. ഓരോന്നാലോചിച്ച് എപ്പോഴോ ഒന്നു മയങ്ങി. അടുത്തുള്ള മുസ്ലീം പള്ളിയിലെ വാങ്കുവിളിയാണ് ഉണർത്തിയത്. ഒരുദിവസം കഴിഞ്ഞുകിട്ടിയിരിക്കുന്നു. രണ്ടാം ദിവസം. അഞ്ചുമണി. എഴുന്നേറ്റു. ചായ ഉണ്ടാക്കി. പത്രങ്ങൾ വായിച്ചു. മറ്റൊന്നും ചെയ്യുവാൻ തോന്നിയില്ല. ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് തന്നെ.
ഉച്ചയ്ക്കൊന്നും ഉണ്ടാക്കിയില്ല. ഇന്നും വൈകുന്നേരമാക്കണം. നേരം വെളുപ്പിക്കണം. സമയം നീങ്ങുന്നില്ല.
ഉല്പത്തി പുസ്തകത്തിലെ വരികൾ ഓർമ്മയിൽ നിറഞ്ഞു. യഹോവയായ ദൈവം ഒന്നാം ദിവസം ആകാശവും ഭൂമിയും സൃഷ്ടിച്ചു. നല്ലതെന്നു കണ്ടു. സന്ധ്യയായി. ഉഷസായി. രണ്ടാം ദിവസം...
ആറു ദിവസങ്ങളിലായി സൃഷ്ടികർമ്മം നടത്തി. കൈയ്ക്ക് പരിക്കുപറ്റി, പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ മറ്റു ക്ലീനിംഗ് ജോലികൾ സാധിക്കാതെ വന്നു. അല്ലെങ്കിൽ അങ്ങനെയെങ്കിലും ഒന്നും ഓർക്കാതെ കഴിക്കാമായിരുന്നു. രാത്രി ആകാതിരുന്നെങ്കിൽ എന്നും ആശിച്ചു. പക്ഷേ... ഇതിനിടയിലാണ് ഒരു സ്നേഹിതയുടെ കോൾ വരുന്നത്. സാധാരണ നിലയിൽ മണിക്കൂറുകൾ ലാത്തിയടിക്കാറുള്ളതാണ് ഇന്ന്. തിരക്കഭിനയിച്ച് വേഗം ഫോൺ വച്ചു. സമയം ഇഴഞ്ഞു നീങ്ങുകയാണ്. വീണ്ടും ബ്രഡ് തന്നെ ഉച്ചയ്ക്കും രാത്രിയിലും കഴിച്ചു. തലേദിവസത്തെപ്പോലെ ഒറ്റയ്ക്കുള്ള മറ്റൊരുകാളരാത്രി.
രാവിലെയും രാത്രിയും പതിവുപോലെ ശ്രീനി വിളിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ച് വച്ചു. ആവശ്യമില്ലാത്ത ചിന്തകൾ. വായിച്ചിട്ടുള്ള പുസ്തകങ്ങളിലേയും കേട്ട കഥകളിലേയും ചുറ്റുപാടും കാണുന്നതും നടക്കുന്നതുമായ എന്തെല്ലാം ഭയാനക ചിന്തകൾ. കണ്ണുകൾ ഇറുകെ അടച്ചു. പ്രാർത്ഥനകൾ ചൊല്ലി. രാത്രിയുടെ ഏതോ അന്തിമയാമത്തിൽ നിദ്രയിലേക്ക് വഴുതിവീണു. അസ്വസ്ഥമായ ഉറക്കം. നേരം വെളുത്തു. ഉദാസീനതയുടെ മൂന്നാം ദിവസം. ആകെ ഒരു മന്ദത. യാന്ത്രികമായി എല്ലാം നീങ്ങി. ബ്രഡ് ഇന്നത്തേക്കു കൂടി ഉണ്ടാകും.
നാളെ ഊണും ഉണ്ടാക്കാമെന്ന് കരുതി. ദിനചര്യകൾ തകിടം മറിഞ്ഞു. ലക്ഷ്യമില്ല. നങ്കൂരമില്ലാത്ത കപ്പലുപോലെ അലകളിൽ ആടിയുലയുന്ന ജീവിതം. ജീവിതം മായയാണെന്നും അർത്ഥമില്ലാത്തതാണെന്നും പറയുന്നതെത്ര സത്യമെന്നറിയിരുന്ന നിമിഷങ്ങൾ. പതിവു പടി ശ്രീനി വിളിച്ചു.വിവരങ്ങളാരാഞ്ഞു. ടി.വി കുറച്ചുനേരം കണ്ടു. ഏറെ വിരസതയും അലസതയും അനുഭവപ്പെട്ടു കിടന്നു. താങ്ങും തണലുമായിരുന്ന മാതാപിതാക്കളെ ഓർത്തു പ്രത്യേകിച്ചും അമ്മയെ.
''എനിക്കായ് നീയും നിനക്കായ് ഞാനും"" എന്ന് തന്നോട് എപ്പോഴും പറയുമായിരുന്ന, എല്ലാമായിരുന്ന അമ്മയെ. ആ നഷ്ടബോധത്തിൽ നിന്നും ഇന്നും അല്പംപോലും മോചിതയാകുവാൻ കഴിഞ്ഞിട്ടില്ലെന്ന് മനസിലാക്കിയ ദിനങ്ങൾ. വിതുമ്പലുകൾ തൊണ്ടയിൽ കുരുങ്ങി. ഉണരാത്ത ഒരുറക്കത്തെക്കുറിച്ച് ചിന്തിച്ചു. വീണ്ടും വീണ്ടും.
ആൽഫ്രഡ് ആഡ്ലർ എന്ന പ്രസിദ്ധ മനഃശാസ്ത്രജ്ഞന്റെ 'സെൽഫ് ഫുൾ ഫില്ലിംഗ് പ്രൊഫസി" എന്ന തിയറി മനസിൽ തെളിഞ്ഞു. സ്വയം പ്രവചിക്കുന്നത് സത്യമായി വന്നുഭവിക്കുന്ന അവസ്ഥ.
പതിവുപോലെ നേരം വെളുത്തു. നാലാം ദിനം. ഏറ്റവും ഇഷ്ടമുള്ള പച്ചരി ഒരു പിടിവച്ചു. തൈരുസാദം ഉണ്ടാക്കി ഊട്ടുവാൻ അമ്മയില്ലല്ലോ എന്ന് ഉള്ളം തേങ്ങി. ഒരു മഞ്ഞച്ചോറും അച്ചാറുമായി ഉച്ചയ്ക്കകത്തെ കാര്യം കഴിഞ്ഞു.
സമയം ഇഴഞ്ഞു നീങ്ങുന്നു എന്ന തോന്നിൽ മനസിൽ നിന്നും നീങ്ങിയിരിക്കുന്നുവല്ലോ. ഒരു തരം നിസംഗത എല്ലാറ്റിനോടും തോന്നി. ചലനങ്ങൾ യാന്ത്രികമായി. രാത്രി കുറച്ച് അസ്വസ്ഥമായിരുന്നെങ്കിലും ഉറങ്ങി. ഇടയ്ക്ക് ഉണരുമ്പോഴെല്ലാം അമ്മ ചൊല്ലിത്തന്നിരുന്ന പ്രാർത്ഥനകൾ ഉരുവിട്ടു. പല വരികളും മറവിയുടെ മാറാലയിൽ തട്ടി വിറങ്ങലിച്ചു നിന്നു. വരികൾ പലതും മറന്നിരിക്കുന്നു. നേരം വെളുത്തു അഞ്ചാം ദിവസം ആദ്യം ചെയ്തത് അമ്മയുടെ പ്രാർത്ഥനാ പുസ്തകങ്ങളിൽ നിന്നും മറന്നുപോയ വരികൾ കണ്ടെത്തുക എന്നതായിരുന്നു. ഇഷ്ടദേവനായ കണ്ണന്റെ ഒരുഗീതം. തുടക്കത്തിലെ വരികൾ മാത്രം കിട്ടി. അതും അപൂർണം. വിഷമം തോന്നി.
രാവിലെ ശ്രീനിയുടെ പതിവ് വിവരം അന്വേഷിക്കൽ. ഒറ്രവാക്കുകളിൽ മറുപടി ഒതുങ്ങി. വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിയുമ്പോൾ പറയുവാൻ ഒന്നുമില്ലാതെ ആയിത്തീരുമെന്ന് അറിഞ്ഞു. വിഷയദാരിദ്ര്യം നന്നായി അനുഭവപ്പെട്ടു. ചോദ്യങ്ങളില്ല, ഉത്തരങ്ങളും. വൈകുന്നേരം പുറപ്പെടുന്നു. രാത്രി പത്തുമണിയോടെ എത്തുമെന്ന്. ആശ്വാസം തോന്നിയോ? ഊണ് ശരിയാക്കുവാനുള്ള തത്രപ്പാടിലായി പിന്നെ. ഉച്ചയ്ക്ക് ഊണ് കഴിക്കുവാൻ മറന്നിരുന്നു.
ശ്രീനിയ്ക്ക് ഇഷ്ടമുള്ള കഞ്ഞിയുംപയറുമാക്കാം രാത്രിയെന്ന് നിശ്ചയിച്ചു. കടമകൾ ചെയ്തു തീർക്കണം. ഏഴുമണി ആയപ്പോഴേയ്ക്കും പണികളെല്ലാം കഴിഞ്ഞു. കുളികഴിഞ്ഞു വന്ന് സമയം നോക്കി. ഇനിയും ഏതാണ്ട് രണ്ടു മണിക്കൂറെങ്കിലും എടുക്കും ശ്രീനി എത്തുവാൻ. നല്ലക്ഷീണം തോന്നി. ഇന്നു രാത്രി സുഖമായി ഉറങ്ങാമല്ലോ എന്ന് ആശ്വസിച്ചു. നാലുദിവസത്തെ ഉറക്കം പലിശയോടെ തീർക്കണം. ഒരു റിലാക്സ്ഡ് ഫീലിംഗ് തോന്നി.
കുറച്ചുനേരം കിടക്കാം. മനസിനൊരു ലാഘവം. പിരിമുറുക്കം അയഞ്ഞതുപോലെ. മയക്കത്തിലേക്ക് മുങ്ങിത്താഴുകയാണോ? ശ്രീനിയുടെ കോളിംഗ് ബെല്ലും ഫോൺ ബെല്ലും ഒന്നും തന്നെ അവളെ പിന്നീട് ഉണർത്തിയില്ല. സമാശ്വാസത്തോടെ സമാധാനത്തോടെയുള്ള മനസിന്റെ നീണ്ട ഉറക്കം. ഒരിക്കലും ഉണരാത്ത ഉറക്കം!