തിരുവനന്തപുരം: ശ്രീപദ്മനാഭനെ വണങ്ങാനെത്തുന്നവർ പുണ്യതീർത്ഥമായ പദ്മതീർത്ഥക്കരയിലെത്തിയാൽ മൂക്കുപൊത്താതെ കടന്നു പോകാനാവാത്ത അവസ്ഥയാണ്. അത്രയ്ക്കുണ്ട് ദുർഗന്ധം. വിശ്വപ്രസിദ്ധമായ ഒരു ക്ഷേത്രത്തിന്റെ കുളത്തിന് ഒട്ടും ഇണങ്ങാത്ത ഗന്ധം.കോടികളാണ് പദ്മതീർത്ഥം നവീകരണത്തിന്റെ പേരിൽ ചെലവിട്ടത്. പച്ചനിറത്തിൽ പതഞ്ഞ മാലിന്യം പദ്മതീർത്ഥത്തിന്റെ ഇടതുവശത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിനടുത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സമീപത്ത് ശിവപാർവതി ക്ഷേത്രത്തിനു മുന്നിലേക്കും പടർന്നു. വ്യാഴാഴ്ചയാണ് ഈ സംഗതി അതുവഴി കടന്നു പോയവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ ആയപ്പോഴേക്കും ദുർഗന്ധം പരത്താൻ തുടങ്ങി. ക്ഷേത്രത്തിലെ ബന്ധപ്പെട്ട ഓഫീസർ എത്തി കാര്യങ്ങൾ നേരിട്ട് ബോദ്ധ്യപ്പെട്ടു. തുടർന്ന് കരാറുകാരുടെ നേതൃത്വത്തിൽ മാലിന്യം മാറ്റുകയാണിപ്പോൾ.
കുളത്തിന് അടിത്തട്ടിലെ പായൽ മുകളിലെത്തി പടരുന്നതും പിന്നീട് വെയിലേറ്റു ചീയുമ്പോൾ ദുർഗന്ധം ഉണ്ടാകുന്നതുമാണെന്നാണ് ക്ഷേത്രം ജീവനക്കാരനായ ശ്രീകുമാർ പറയുന്നത്. കോടികൾ മുടക്കി നവീകരിച്ച പദ്മതീർത്ഥത്തിൽ കഴിഞ്ഞ നവംബറിലും ഇതുപോലെ പായൽ പടർന്നിരുന്നു. അന്നും കരാറുകാരാണ് നീക്കിയത്. ഇപ്പോൾ ആവർത്തിച്ചു. ബന്ധപ്പെട്ട അധികാരികളുടെ അലംഭാവമെന്നാണ് ഉയരുന്ന ആക്ഷേപം. പദ്മതീർത്ഥക്കുളം നവീകരിച്ചപ്പോൾ തന്നെ അതിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ നവംബറിൽ സംഭവിച്ചത്
പദ്മതീർത്ഥം പരിശുദ്ധമാക്കാൻ സംസ്ഥാന നിർമ്മിതി കേന്ദ്ര പോണ്ടിച്ചേരി ആരവല്ലി കേന്ദ്രമായ ധ്രുവംശ് എന്ന സന്നദ്ധ സംഘടനയുടെ സഹായം തേടി. സർക്കാർ ഏജൻസിയായ നിർമ്മിതി കേന്ദ്രമാണ് പദ്മതീർത്ഥത്തിന്റെ നവീകരണ ജോലികൾ നിർവഹിച്ചത്. നവീകരണം 90 ശതമാനവും പൂർത്തിയായപ്പോഴാണ് വെള്ളത്തിൽ എണ്ണപ്പായൽ മൂടിയത്. പല തവണ വെള്ളം പമ്പ് ചെയ്തിട്ടും പായലൊഴിഞ്ഞില്ല. പദ്മതീർത്ഥത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചശേഷം ക്ഷേത്രക്കുളമെന്ന നിലയിൽ സങ്കല്പങ്ങൾക്കും വിശ്വാസങ്ങൾക്കും ഭംഗം വരാത്തവിധത്തിലുള്ള പരിസ്ഥിതി സൗഹൃദ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു. വെള്ളത്തിൽ ഓക്സിജന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനും പായലുകളും ഫംഗസുകളും പെരുകാതിരിക്കാൻ ഉപരിതലത്തിൽ ഓളങ്ങളുണ്ടാക്കാനും സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കാനും സംവിധാനമുണ്ടാക്കാൻ തീരുമാനമായി. അതൊന്നും ഫലപ്രദമായില്ലെന്നു വേണം കരുതാൻ.
പായലോ ഡ്രെയിനേജ് മാലിന്യമോ?
പായലല്ല, ഇത് ഡ്രെയിനേജ് മാലിന്യമാണെന്നാണ് ഇന്നലെ പദ്മതീർത്ഥക്കരയിലെത്തിയ കച്ചവടക്കാരും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരും പറഞ്ഞത്. കുളത്തിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ ഒഴുകിയെത്തുന്നുണ്ടെന്ന് 2016ൽ വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ എത്രത്തോളം നടപ്പിലായി എന്ന് ആർക്കും അറിയില്ല.എന്നാൽ ഡ്രെയിനേജ് പൊട്ടിയെന്ന വാദം ക്ഷേത്രം അധികൃതർ തള്ളിക്കളയുന്നു.