കോവളം: എൺപതിന്റെ നിറവിലും പുഞ്ചിരിയോടെ വിശ്രമമില്ലാതെ വരയ്ക്കുന്ന തിരക്കിലാണ് പ്രശസ്ത ചിത്രകാരനായ നെല്ലിമൂട് ആർ.എസ്. മധു.
അദ്ധ്യാപനം, രംഗസജ്ജീകരണം, ചമയം, സംവിധാനം, അഭിനയം, പെയിന്റിംഗ്, ഡോക്യുമെന്ററി നിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ആർ.എസ്. മധു ഇപ്പോൾ കോളിയൂർ പ്രസാദം വീട്ടിന്റെ ഉമ്മറത്തിരുന്ന് വെള്ളായണി കായലിന്റെ സൗന്ദര്യമാസ്വദിച്ച് പെയിന്റിംഗ്, എഴുത്ത്, വായന, നാടക റിഹേഴ്സൽ എന്നിവയോടെ ഒാരോ ദിനവും ആസ്വദിക്കുകയാണ്. ഇദ്ദേഹം വരച്ച അയ്യങ്കാളിയുടെ പൂർണകായ ചിത്രത്തെയാണ് വെള്ളയമ്പലത്തെ പ്രതിമ നിർമ്മിക്കാൻ മാതൃകയാക്കിയത്. സെനറ്റ് ഹാളിൽ സ്ഥാപിച്ചിട്ടുള്ള മുൻ വൈസ്ചാൻസലർമാരുടെ 13 ചിത്രങ്ങൾ, പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ മന്ദിരത്തിലെ 12 ചിത്രങ്ങൾ, കെ.ടി.ഡി.സി.യിലുള്ള ഗോദവർമ്മരാജയുടെ ചിത്രം എന്നിങ്ങനെ മധു വരച്ച 200ലേറെ ഛായാചിത്രങ്ങൾ വിവിധ സ്ഥലങ്ങളിലായി പ്രദർശിപ്പിച്ചിട്ടുണ്ട്.
ചമയത്തിന് അച്ഛന്റെ ചിത്രകലാപാടവം വലിയ സ്വാധീനമാണ് ചെലുത്തിയതെന്ന് ഇദ്ദേഹം പറയുന്നു. അയ്യങ്കാളി അധഃസ്ഥിതരുടെ വിമോചകൻ എന്ന ഡോക്യുമെന്ററിക്ക് 1998ലെ സംസ്ഥാന അവാർഡും മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. വെങ്ങാനൂർ ബോയ്സ് ഹൈസ്കൂളിൽ ഇംഗ്ലീഷ്, ഭൂമിശാസ്ത്രം അദ്ധ്യാപകനും ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്നു. 1994ൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡും 1995ൽ രാഷ്ട്രപതിയുടെ പുരസ്കാരവും ലഭിച്ചു. കേരള, കൊച്ചി, കണ്ണൂർ സർവകലാശാലകളിലേക്കും നിയമപഠനത്തിനുള്ള കൊച്ചിയിലെ ദേശീയ സർവകലാശാലയിലേക്കും കോൺവൊക്കേഷനുള്ള സെറിമോണിയൽ റോപ്സ് തയ്യാറാക്കുന്ന ജോലിയിലും മികവ് തെളിയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി പുരസ്കാരവും തോപ്പിൽഭാസി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അപ്രശസ്തന്റെ ആത്മകഥ എന്ന പേരിൽ ഒരു പുസ്തകമെഴുതുകയാണ് ഇപ്പോൾ.
ഭാര്യ സുഷമയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. മൂത്ത മകൻ മനോജ്കുമാർ കേരള സർവകലാശാല എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥനാണ്. രണ്ടാമത്തെ മകൻ വിനോദ് കുമാർ വിദേശത്താണ്. താൻ പഠിപ്പിച്ച വിദ്യാർത്ഥികളാണ് തന്റെ എല്ലാമെന്ന് മന്ദസ്മിതത്തോടെ ആർ.എസ്. മധു പറയുന്നു.