പ്രശസ്ത മെഴുക് ശില്പി സുനിൽ കണ്ടല്ലൂരിന്റെ വാക്സ് മ്യൂസിയം ഇന്ന് കേന്ദ്ര സഹമന്ത്രി രാംദാസ് അട്ടോളെ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : യഥാർത്ഥ വ്യക്തികളെപ്പോലെ തോന്നിക്കുകയും സാമ്യത്താൽ ആരിലും കൗതുകം ജനിപ്പിക്കുകയും ചെയ്യുന്ന മെഴുക് പ്രതിമകളുടെ സൗന്ദര്യം ഇനി തിരുവനന്തപുരത്തുകാർക്കും ആസ്വദിക്കാം. പ്രശസ്ത മെഴുക് ശില്പി സുനിൽ കണ്ടല്ലൂരിന്റെ വാക്സ് മ്യൂസിയം ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അനന്തവിലാസം അനക്സിൽ (റോഡരികിൽ മാളിക) ആരംഭിക്കുകയാണ്. സുനിൽസ് ഇന്റർനാഷണൽ വാക്സ് മ്യൂസിയത്തിന്റെ രണ്ടാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹ്യക്ഷേമ സഹമന്ത്രി രാംദാസ് അട്ടോളെയാണ് നിർവഹിക്കുന്നത്.
പൂനെയിലെ മ്യൂസിയത്തിന്റെ വിജയം കണ്ടാണ് ഇവിടെ രണ്ടാമത്തെ മ്യൂസിയം ആരംഭിക്കുന്നത്. നിരവധിയായ അന്യസംസ്ഥാന, വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇവിടത്തെ മ്യൂസിയം ആരംഭിക്കുന്നത്. മുപ്പത് ശില്പങ്ങളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, നരേന്ദ്രമോദി, രാജീവ് ഗാന്ധി, അണ്ണാഹസാരെ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒട്ടുമിക്ക നേതാക്കളും ഇവിടെ പ്രതിമകളുടെ രൂപത്തിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. സിനിമാ ലോകത്തുനിന്നു നിരവധി പ്രശസ്തരുടെ ശില്പങ്ങൾ ഇവിടെ ഉണ്ട്. ലൂസിഫർ സ്റ്റൈലിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ച് കസേരയിൽ ഇരിക്കുന്ന ലൂസിഫർ സിനിമയിലെ കേന്ദ്രകഥാപാത്രമായ ലാലേട്ടനാണ് ഈ മ്യൂസിയത്തിലെ പ്രധാന ആകർഷണം. രജനികാന്ത്, വിജയ് എന്നിവരുടെ ശില്പങ്ങളുമുണ്ട്. എല്ലാ മാസവും പുതുതായി ഓരോ ശില്പങ്ങൾ വീതം നിർമ്മിച്ച് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശില്പി സുനിൽ കണ്ടല്ലൂർ പറഞ്ഞു.
രാജാരവിവർമ്മയുടെ പ്രശസ്തമായ ചിത്രങ്ങൾ മെഴുക് രൂപത്തിലാക്കി ഇവിടെ പ്രത്യേകം ഗാലറിയുണ്ടാക്കാനുള്ള ശ്രമമുണ്ടെന്ന് സുനിൽ പറഞ്ഞു. പ്രശസ്തമായ 15 ചിത്രങ്ങളാണ് ഇങ്ങനെ ശില്പവത്കരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി കാൻവാസിൽ ചിത്രം വരയ്ക്കുന്ന രാജാരവിവർമ്മയുടെ ഒരു ശില്പം നിർമ്മിച്ച് കഴിഞ്ഞു.
പൂനെയിലെ ലോണാവാലയിലാണ് സുനിലിന്റെ ആദ്യ മ്യൂസിയം സ്ഥിതിചെയ്യുന്നത്. മഹാത്മാഗാന്ധിയും നരേന്ദ്രമോദിയും അമിതാഭ് ബച്ചനുമടക്കം രാഷ്ട്രീയത്തിലെയും സിനിമയിലെയും സെലിബ്രിറ്റികളാണ് പൂനെയിലെ മ്യൂസിയത്തിലെ ആകർഷണം. പതിമ്മൂന്ന് വാക്സ് മോഡലുകളിൽ തുടങ്ങിയ ഈ മ്യൂസിയത്തിൽ ഇപ്പോൾ നൂറിലധികം പ്രതിമയാണ് ഉള്ളത്.
പ്രളയകാലത്തു ദുബായ് കേരളത്തിനായി കാത്തുവച്ച സ്നേഹത്തിനു മെഴുകു പ്രതിമയിലൂടെ നന്ദി അറിയിച്ചു ശ്രദ്ധ നേടിയ ശില്പിയാണ് സുനിൽ കണ്ടല്ലൂർ. ദുബായ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അൽ മഖ്തോമിന്റെ പൂർണകായ മെഴുകു പ്രതിമ സുനിൽ നിർമിച്ചിരുന്നു. കൺപീലി മുതൽ തലമുടി വരെ സസൂക്ഷ്മം നിരീക്ഷിച്ച് ഒന്നരമാസം കൊണ്ടാണു മെഴുകു പ്രതിമ സുനിൽ പൂർത്തിയാക്കിയത്. ശ്രീനാരായണഗുരു, വി.എസ്. അച്യുതാനന്ദൻ, രജനികാന്ത്, വിരാട് കോഹ്ലി, ശ്രീശ്രീ രവിശങ്കർ, സച്ചിൻ ടെൻഡുൽക്കർ, വി.ആർ. കൃഷ്ണയ്യർ എന്നിവരുടെയടക്കം ഒട്ടേറെ പ്രതിമകൾ സുനിൽ മുൻപ് നിർമ്മിച്ചിട്ടുണ്ട്.