തിരുവനന്തപുരം: പാളയം പബ്ളിക് ഓഫീസിന്റെ പിറകുവശത്തെ കെട്ടിടസമുച്ചയത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വെള്ളയമ്പലം സബ് ട്രഷറിയിൽ കഴിഞ്ഞ മൂന്ന് മാസമായി ഒരു നിശബ്ദ വിപ്ളവം നടക്കുകയാണ്. കേരളത്തെ സംബന്ധിച്ച് 'പൊന്നുംവിലയുള്ള' വൈദ്യുതി എങ്ങനെ ലാഭിക്കാമെന്ന പരീക്ഷണമാണിത്. ലൈറ്രുകളും പങ്കകളും ഓഫ് ചെയ്ത് കറണ്ട് ലാഭിക്കുന്ന സൂത്രപ്പണിയല്ല, മറിച്ച് നൂതന സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉപഭോഗം ക്രമപ്പെടുത്തലാണ്.
പരമ്പരാഗത വൈദ്യുതിയെ ആശ്രയിക്കാതെ സൗരോർജ്ജത്തെ അടിസ്ഥാനമാക്കിയാണ് വെള്ളയമ്പലം സബ് ട്രഷറിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവിടെയുണ്ടായിരുന്ന 15 പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് പകരം സൗരോർജ്ജ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 'സ്മാഷ് പി.സി'യാണ് കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്. ടെലിഫോൺ ഉത്പാദന സേവന രംഗത്ത് ഏറെ പ്രശസ്തമായ പൊതുമേഖലാ സ്ഥാപനമായ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ലിമിറ്റഡാണ് ഈ 'ലോ എനർജി' കമ്പ്യൂട്ടർ നിർമ്മിച്ചത്. പരീക്ഷണം വിജയമായാൽ സംസ്ഥാനത്തുടനീളം എല്ലാ സർക്കാർ ഓഫീസുകളിലും ഈ സംവിധാനം നടപ്പാക്കി വൈദ്യുതി സംരക്ഷണത്തിൽ വലിയ മുന്നേറ്റമാവും സംസ്ഥാനത്തിന് ഉണ്ടാക്കാൻ സാധിക്കുക.
കഴിഞ്ഞ 26 ദിവസങ്ങളിൽ കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽ നിന്ന് ഇത്രയും കമ്പ്യൂട്ടറുകൾ ഉപയോഗിച്ചത് ആകെ 14 യൂണിറ്ര് വൈദ്യുതി മാത്രം.15 പി.സികൾ എട്ടുമണിക്കൂർ വീതം പ്രവർത്തിച്ചാൽ 25 ദിവസത്തേക്ക് ഏകദേശം 375 യൂണിറ്ര് വൈദ്യുതി വേണ്ടിടത്താണ് കേവലം 14 യൂണിറ്റുകൾ കൊണ്ട് വെള്ളയമ്പലം സബ് ട്രഷറിയിലെ കാര്യങ്ങൾ ഭംഗിയായി നടന്നത്. സൂര്യപ്രകാശം ലഭ്യമല്ലാത്ത സമയങ്ങളിൽ മൂന്ന് മണിക്കൂർ പിന്തുണ നൽകാൻ കഴിയുന്ന ബാറ്ററികൾ സഹിതമാണ് സ്മാഷ് പി.സികൾ എത്തുന്നത്. കെട്ടിടത്തിന് മുകളിലാണ് ഇതിനാവശ്യമായ സോളാർപാനലുകൾ സ്ഥാപിച്ചിട്ടുള്ളത്.
യു.പി.എസ് ആവശ്യമില്ലെന്നത് മറ്റൊരു ലാഭം. സ്റ്റോറേജ് ലെഡ് ആസിഡ് /ട്യൂബുലാർ ബാറ്ററികൾ ഉണ്ടാക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നത് മറ്റൊരു നേട്ടം.പരീക്ഷണാടിസ്ഥാനത്തിൽ ഐ.ടി.ഐ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇതിന്റെ ചെലവ് സംബന്ധിച്ച കാര്യങ്ങൾ ട്രഷറി അധികൃതർക്ക് വ്യക്തമല്ല. ആധുനികവത്കരിക്കുന്ന സർക്കാർ ഓഫീസുകളുടെ ഭീമമായ വൈദ്യുതി ചെലവിന് ശരിയായ പരിഹാരമാവും ഈ സംവിധാനം.
മാതൃകാ സബ് ട്രഷറി
എടുത്താൽ പൊങ്ങാത്തത്ര ജോലിഭാരമുണ്ടെങ്കിലും വെള്ളയമ്പലം സബ് ട്രഷറിയിൽ കാര്യങ്ങൾ വളരെ 'സ്മൂത്താണ് '. നിത്യേന എത്തുന്ന പെൻഷൻകാരടക്കമുള്ള നൂറുകണക്കിന് ആൾക്കാർക്ക് തൃപ്തികരമായ സേവനമാണ് ഇവിടെ കിട്ടുന്നത്. 'മാതൃകാ സബ് ട്രഷറി' എന്ന് ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിക്കാൻ കാരണവും ഇതാണ്. 23 ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. രാജ്ഭവൻ, പി.എസ്.സി ആസ്ഥാനം, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളിലെ ഇടപാടുകളെല്ലാം ഈ ട്രഷറിവഴിയാണ് നടക്കുന്നത്. മാസത്തിന്റെ തുടക്കദിനത്തിൽ 800 ഓളം പെൻഷൻകാരാണ് ഇവിടെ എത്തുന്നത്. മറ്റുള്ള ദിവസങ്ങളിൽ 150 ൽ കുറയാത്ത ആൾക്കാരുമെത്തും. ചെല്ലാൻ ഒടുക്കൽ അടക്കം നിത്യേന മറ്റാവശ്യങ്ങൾക്ക് എത്തുന്നവർ ഇതിന് പുറമെയും. ഇതെല്ലാമാണെങ്കിലും സബ് ട്രഷറിയിൽ എല്ലാത്തിനും ഒരു അടുക്കും ചിട്ടയുമുണ്ട്. ആഴ്ചയിലൊരിക്കൽ ഇവിടുത്തെ ജീവനക്കാരെല്ലാവരും ചേർന്നാണ് ഓഫീസും പരിസരവും വൃത്തിയാക്കുന്നത്. മാതൃകാ ട്രഷറിയെന്ന ചെല്ലപ്പേരു കിട്ടിയതോടെയാണ് സ്മാഷ് പി.സി സമ്പ്രദായം ഇവിടെ പരീക്ഷിക്കാൻ തയ്യാറായി ഐ.ടി.ഐ മുന്നോട്ടു വന്നത്. മന്ത്രി തോമസ് ഐസക്കാണ് ഈ നിശബ്ദ വിപ്ളവത്തെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ ഫേസ്ബുക്ക് പോസ്റ്രിലൂടെ പുറത്തുവിട്ടത്.