അഞ്ച് വർഷത്തിനിടയിൽ രണ്ട് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു.രണ്ടും സൂപ്പർ ഹിറ്റ്.അതു കൊണ്ടാണ് ബേസിൽ ജോസഫ് പുതിയൊരു ചിത്രമൊരുക്കുമ്പോൾ അതിന് വാർത്താപ്രധാന്യം കൂടുന്നത്.ടൊവിനോ തോമസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിന്നൽ മുരളിയാണ് ബേസിലിന്റെ പുതിയ പ്രോജക്ട്.ഒരു നാടൻ സൂപ്പർ ഹീറോയുടെ കഥയാണിത്.ടൊവിനോയുടെ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.ഇതിനുള്ള കാസ്റ്റിംഗ് കാൾ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.ഇരുപതിനും ഇരുപത്തിയെട്ടിനുമിടയ്ക്ക് പ്രായമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ആയോധന കല അഭ്യസിച്ചവരായിരിക്കണം.
വീക്കൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.ബാംഗ്ലൂർ ഡേസിലൂടെയാണ് സോഫിയ പോൾ നിർമ്മാണ രംഗത്തെത്തിയത്.ഒടുവിൽ നിർമ്മിച്ച ചിത്രം ബിജു മേനോൻ നായകനായ പടയോട്ടമാണ്.അതേ സമയം 2015-ൽ കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് ബേസിൽ ജോസഫ് സംവിധാന രംഗത്തെത്തിയത്.വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അജു വർഗീസും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ഞിരാമായണം പുതുതലമുറയെ ആകർഷിച്ച ചിത്രമായിരുന്നു.2017-ൽ ടൊവിനോയെ നായകനാക്കി സംവിധാനം ചെയ്ത് ഗോദയും സൂപ്പർ ഹിറ്റായി.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബേസിൽ മിന്നൽ മുരളിയുമായി എത്തുന്നത്.അഭിനയ രംഗത്തും ബേസിൽ ഇപ്പോൾ സജീവമാണ്.കക്ഷി:അമ്മിണി പിള്ളയാണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.