പതിനാറ് വർഷത്തിന് ശേഷം ദിലീപ് വീണ്ടും കള്ളന്റെ റോളിലെത്തുന്നു.എസ്.എൽ.പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയൽ എന്ന ചിത്രത്തിലാണ് ദിലീപ് കള്ളൻ ജാക്ക് ആകുന്നത്.ദിലീപ് കള്ളൻ മാധവനായി അഭിനയിച്ച മീശ മാധവൻ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.ദിലീപിന് താരപരിവേഷം നൽകിയ ചിത്രമാണിത്.അതു കൊണ്ട് തന്നെ ദിലീപിന്റെ പുതിയ കള്ളൻ വേഷത്തെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ജാക്കിന്റെയും ഡാനിയലിന്റെയും കഥയാണ് ജാക്ക് ഡാനിയൽ.ഡാനിയലായി അഭിനയിക്കുന്നത് തമിഴ് നടൻ അർജുനാണ്.
സി.ബി.ഐ ഉദ്യോഗസ്ഥനാണ് അർജുൻ.ഡെപ്യൂട്ടേഷനിൽ നാട്ടിൽ വരുന്ന ഡാനിയലും ജാക്കും തമ്മിലുള്ള കള്ളനും പൊലീസും കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ചിത്രീകരണം പൂർത്തിയാക്കി അർജുൻ ഇന്ന് നാട്ടിലേക്ക് മടങ്ങും.ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയായ അഞ്ജു കുര്യനാണ് നായിക.ഇന്നസെന്റ്,ജനാർദ്ദനൻ,അശോകൻ,ദേവൻ,ജി.സുരേഷ് കുമാർ,സൈജു കുറുപ്പ്,ചാലി പാല,മാനവ്,പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.അഞ്ച് ഫൈറ്റ് മാസ്റ്റർമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.പീറ്റർ ഹെയ്ൻ, കനൽ കണ്ണൻ,സുപ്രീം സുന്ദർ,മാഫിയ ശശി,ഇറോഷ് എന്നിവരാണ് വിവിധ ആക് ഷൻ രംഗങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.ശിവകുമാർ വിജയനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.ഷാൻ റഹ് മാനാണ് സംഗീത സംവിധായകൻ.തമീൻസ് ഫിലിംസിന് വേണ്ടി ഷിബു തമീൻസാണ് ജാക്ക് ഡാനിയൽ നിർമ്മിക്കുന്നത്.