തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ എസ്.എഫ്.ഐ പ്രവർത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. ഇന്നലെ രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടെത്താനായില്ല. പ്രതികൾ കീഴടങ്ങാൻ സാധ്യതയില്ലെന്നും ഇവരെ പിടികൂടാൻ തെരച്ചിൽ തുടരുന്നതായും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമൽ എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതിൽ നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ്. അഖിലിനെ കുത്തിയത് ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കാര്യങ്ങൾ കൈവിട്ട് പോയതോടെ ആറ് പേരെയും സസ്പെൻഡ് ചെയ്‌തെന്നും എസ്.എഫ്.ഐയുടെ കോളേജ് യൂണിറ്റ് പിരിച്ചുവിടുമെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു അറിയിച്ചിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ കാന്റീനിലിരുന്ന് ഒരു സംഘം പാട്ടു പാടിയതോടെയാണ് പ്രശ്‌നമുണ്ടായത്. അറബിക് വകുപ്പിലെ ഉമൈർ എന്ന വിദ്യാർത്ഥിയെയാണ് ആദ്യം മർദ്ദിച്ചത്. അത് ചോദ്യം ചെയ്തതിനാണ് അഖിലിനെ മർദ്ദിച്ചത്. സ്വന്തം പ്രവർത്തകനെ കുത്തിവീഴ്‌ത്തിയതോടെ യൂണിവേഴ്സിറ്റി കോളേജിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധം ഇരമ്പി. എസ്.എഫ്.ഐ യൂണിറ്റ് പിരിച്ച് വിടണമെന്ന മുദ്രാവാക്യങ്ങൾ മുഴക്കി.പ്രശ്‌നം പരിഹരിക്കാൻ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഉൾപ്പെടെ എത്തി. പക്ഷേ വിദ്യാർത്ഥികൾ വഴങ്ങിയില്ല. മാദ്ധ്യമപ്രവർത്തകരെയും എസ്.എഫ്.ഐക്കാർ തടഞ്ഞു. കോളേജിന് മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എസ്.എഫ്, എ.ബി.വി.പി പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.
എസ്.എഫ്.ഐയെ പേരെടുത്ത് വിമർശിക്കാതെ സ്പീക്കർ
അതേസമയം, സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ രംഗത്തെത്തി. ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയത്തിൽ നടന്ന സംഭവത്തിൽ തന്റെ ഹൃദയം നുറുങ്ങുന്നതായും കരൾ പിടയുന്ന വേദനയും ലജ്ജാഭാരവും കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ടെന്നും ഇതിനേക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്റെ നരകമാണെന്നും അദ്ദേഹം കുറിച്ചു. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെയാണ് സ്പീക്കറുടെ വിമർശനം.
പോസ്‌റ്റിന്റെ പൂർണരൂപം
അഖിൽ
---------------
എന്റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.
സ്നേഹസുരഭിലമായ ഓർമ്മകളുടെ ആ പൂക്കാലം. "എന്റെ, എന്റെ "എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്. യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ ചവുട്ടി താഴ്ത്തിയത്. നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല, ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക. ഓർമ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. ചിന്തയും വിയർപ്പും, ചോരയും കണ്ണുനീരുമുണ്ട്