തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെയാണെന്ന് പൊലീസ് എഫ്.ഐ.ആർ. യൂണിറ്റ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അഖിൽ അനുസരിക്കാത്തതിലെ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവരഞ്ജിത്താണ് അഖിലിന്റെ നെഞ്ചിലേക്ക് കുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആർ. തയ്യാറാക്കിയത്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിലെ ജനരോഷവും പാർട്ടിയ്ക്കും എസ്.എഫ്.ഐയ്ക്കുമുള്ള പേരുദോഷവും ഒഴിവാക്കാൻ പ്രതികളെ എത്രയും പെട്ടെന്ന് കീഴടക്കി സംഭവത്തിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. കുത്തേറ്റ അഖിൽ അപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ശസ്ത്രക്രിയക്കുശേഷം അഖിൽ ഇപ്പോഴും ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. അതിനിടെ പാർട്ടി നേതൃത്വത്തിലെ ചിലർ അഖിലിന്റെ പിതാവും സിപി.എം അംഗവുമായ ചന്ദ്രനെ ബന്ധപ്പെട്ട് കേസൊതുക്കാൻ ശ്രമിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. എന്നാൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് അഖിലിനെതിരെ വധശ്രമമുണ്ടായപ്പോൾ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും പാർട്ടിയിൽ നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. വീണ്ടും അഖിലിനെതിരെ വധശ്രമമുണ്ടായതിന്റെ ആശങ്കയിലാണ് കുടുംബം. ഉറച്ച പാർട്ടി അനുഭാവിയാണ് താനും കുടുംബവുമെന്ന് ചന്ദ്രൻ വ്യക്തമാക്കുമ്പോഴും ദേശീയ പവ്വർലിഫ്റ്റിംഗ് ചാമ്പ്യൻകൂടിയായ അഖിലിന്റെ പരിക്ക് കുടുംബത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
എന്നാൽ അഖിലിന്റെ അച്ഛന്റെ ആരോപണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിഷേധിച്ചു. കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് കുടുംബവുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അറിയിച്ചു. കേസിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുകൊണ്ട് തന്നെ എസ്.എഫ്.ഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.