ക്ഷേത്രങ്ങളിലും മറ്റും ബലിയർപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ആടുകളും കോഴിയെയും മറ്റ് മൃഗങ്ങളെയും ബലിയർപ്പിക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായാണ് പൊലീസ് സ്റ്റേഷനിൽ ബലിയർപ്പിക്കുന്നത്. സംഭവം ഇങ്ങനെ, പൊലീസ് സ്റ്റേഷൻ പരിസരത്ത് വർദ്ധിച്ചു വരുന്ന അപകടങ്ങളും ആക്രമണങ്ങളും തടയാനാണ് പൊലീസുകാർ ആടുകളെ ബലിയർപ്പിച്ചത്. കോവിൽ പാളയം പൊലീസ് സ്റ്റേഷനിലാണ് സംഭവം. രണ്ട് ആടുകളെയാണ് ഇവിടെ ബലിയർപ്പിച്ചത്.
അതേസമയം, മാംസം പാചകം ചെയ്തു പൊലീസുകാർക്കും ഏതാനും രാഷ്ട്രീയ പ്രവർത്തകർക്കും വിളമ്പിയതായും ആരോപണമുണ്ട്. കോയമ്പത്തൂർ കരുമത്തംപട്ടി ഡിവിഷന്റെ കീഴിലെ കോവിൽപാളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം അടക്കം കുറ്റകൃത്യങ്ങൾ പതിവാണ്. മുൻ ഇൻസ്പെക്ടർ ശേഖരനെ കൈക്കൂലി കേസിൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. അടുത്തിടെ പൊലീസ് കോൺസ്റ്റബിൾ തിരുമൂർത്തി ആരോഗ്യ പ്രശ്നങ്ങളാൽ മരിച്ചു. രണ്ടാഴ്ച മുൻപു സ്റ്റേഷൻ പരിധിയിലെ കീരനത്തു പന്നി വളർത്തു കേന്ദ്രത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികൾ വിഷവായു ശ്വസിച്ചു മരിച്ചിരുന്നു.
ആഴ്ചയിൽ ഒരാളെങ്കിലും സ്റ്റേഷൻ പരിധിയിൽ അപകടത്തിൽ കൊല്ലപ്പെടുന്നുണ്ട്. മോഷണം, കവർച്ചാ കേസുകളും ദുരന്തങ്ങളും തുടർക്കഥയാണിവിടെ. ആടിനെ ബലിയർപ്പിച്ചു അതിന്റെ രക്തം സ്റ്റേഷൻ പരിസരത്തു തളിച്ചാൽ പ്രശ്നങ്ങൾ നീങ്ങുമെന്ന് നാട്ടുകാരിൽ ചിലരാണ് നിർദേശിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയാണ് ആടുകളെ സംഭാവന നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് കുമാർ കരുമത്തംപട്ടി സബ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഭാസ്കരനു നിർദേശം നൽകിയിട്ടുണ്ട്.