കൊല്ലം: രാവിലെ പാറാവ് ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന പൊലീസുകാരിയെ വീട്ടുവളപ്പിലെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം സ്‌റ്റേഷനിലെ സിവിൽ പൊലീസുകാരി കുണ്ടറ പുനക്കൊന്നൂർ അശ്വതിയിൽ സന്തോഷിന്റെ ഭാര്യ വസന്ത കുമാരിയാണ് (44) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം വീടിന് സമീപത്തെ പേരമരത്തിൽ കണ്ടത്. പാചക ജോലി കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുന്ന സന്തോഷ് ഇന്നലെ രാത്രി തൊഴിൽ സംബന്ധമായി കൊട്ടാരക്കരയിലായിരുന്നു.
ജോലിയുടെ സമ്മർദ്ദമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് സഹപ്രവർത്തകർ പറയുന്നു.
കൊല്ലം വനിതാ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഒരാഴ്‌ച മുമ്പാണ് വസന്ത കുമാരിയെ കൊട്ടിയത്തേക്ക് മാറ്റിയത്. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ കൊട്ടിയത്ത് ചുമതല എടുത്ത ദിവസം തന്നെ നെറ്റ് ഡ്യൂട്ടിയായിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ വിശ്രമത്തിനും രണ്ട് ദിവസത്തെ ലീവിനും ശേഷം ഇന്ന് രാവിലെ ഡ്യൂട്ടിയിൽ കയറാനിരിക്കുകയായിരുന്നു. പൊതുവെ ശാന്ത പ്രകൃതക്കാരിയായിരുന്ന വസന്ത കുമാരി വിഷാദരോഗത്തിന് ചികിത്സിലായിരുന്നു.
ഇതറിയാവുന്ന സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും യുവതിയെ വനിതാ പൊലീസ് സ്‌റ്റേഷനിലായിരുന്നു വിന്യസിച്ചത്. മറ്ര് സ്‌റ്റേഷനുകളെ അപേക്ഷിച്ച് നൈറ്റ് ഡ്യൂട്ടിയും പാറാവും കഠിനമല്ലാത്തത് കൊണ്ടാണ് ഇവരെ വനിതാ സ്‌റ്റേഷനിൽ നിയമിച്ചിരുന്നത്.
എന്നാൽ കൊട്ടിയം പോലുള്ള ജോലിഭാരമുള്ള സ്‌റ്റേഷനിലേക്കുള്ള മാറ്റം പൊലീസുകാരിയെ അസ്വസ്ഥയാക്കിയിരുന്നതായി വിവരം ലഭിച്ചു. മാത്രമല്ല മുമ്പ് കൊട്ടിയത്ത് ജോലി ചെയ്യവെ വകുപ്പ് തല നടപടികൾക്ക് വിധേയയാക്കാൻ നീക്കമുണ്ടായതും പൊലീസുകാരിക്ക് വിഷമമുണ്ടാകാൻ കാരണമായെന്നും സംസാരമുണ്ട്. കുണ്ടറ പൊലീസെത്തി ഇൻക്വസ്‌റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്‌റ്ര്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സന്തോഷ് - വസന്തകുമാരി ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.