
പതിവുപോലെ ഒരു മുന്നൊരുക്കവുമില്ലാതെ ഫേസ്ബുക്കിൽ നിന്ന് കിട്ടിയ ഒരു ചിത്രവും കൊണ്ട് ചെകുത്താന്റെ നമ്പറുള്ള ടൊയോട്ട എത്തിയോസ് കാറും ഞങ്ങൾ അഞ്ച് പേരും യാത്ര തിരിച്ചു. തമിഴ്‌നാട്ടിലെവിടെയോ 70 ഹെയർപിൻ വളവുകളാൽ ഒറ്റപ്പെട്ട് കിടക്കുന്ന കൊല്ലി ഹിൽസ് (കൊള്ളി ഹിൽസെന്നും പറയുമെന്ന് ചിലർ) ലക്ഷ്യമിട്ടാണ് യാത്ര. രാത്രി പത്ത് മണിയോടെ തിരുവനന്തപുരത്ത് നിന്നും ഞങ്ങൾ നാല് പേർ യാത്ര തിരിച്ചു. എറണാകുളമാണ് ആദ്യ ലക്ഷ്യസ്ഥാനം. അവിടെ നിന്നും ഒരാൾ കൂടി യാത്രയുടെ ഭാഗമാകും. പാലാരിവട്ടത്ത് കിട്ടിയ മുട്ടൻ ബ്ലോക്കും കനത്ത മഴയും കടന്ന് ഞങ്ങൾ ഒരു മണിയോടെ കാക്കനാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. പിന്നെ കുറച്ച് നേരം അവിടെ വിശ്രമം. രണ്ടര മണിയോടെ പെട്രോൾ പമ്പിൽ നിന്നും ഫുൾ ടാങ്ക് ഡീസലും അടിച്ച് നാമക്കൽ ജില്ലയിലെ കൊല്ലി ഹിൽസ് എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു.
എറണാകുളത്ത് നിന്നും ഏതാണ്ട് 400 കിലോമീറ്റർ അടുപ്പിച്ച് ദൂരമുണ്ടെന്നാണ് ഗൂഗിൾ മുത്തപ്പൻ കാണിച്ച് തന്നത്. എന്തായാലും വാഹനം ദേശീയ പാതയിൽ കൂടി അങ്കമാലിയും തൃശൂരും പിന്നിട്ട് പാലക്കാടേക്ക് കുതിച്ചുകൊണ്ടിരുന്നു. രാത്രി ആയതിനാലും സേഫ് ഡ്രൈവിംഗ് ഞങ്ങളുടെ പ്രധാന അജണ്ട ഇനമായതിനാലും ഒരിടത്തും അമിതവേഗത എടുത്തില്ലെന്നതാണ് സത്യം. ഇടയ്ക്ക് ഉറക്കം വരുന്നുവെന്ന് തോന്നിയപ്പോൾ ഒരു കടയിൽ നിറുത്തി ചായയും കായ വറുത്തതും കഴിച്ചു. എറണാകുളത്ത് നിന്നും സേലത്തേക്കുള്ള പാതയിൽ പാലക്കാട് എത്തുന്നതിന് മുമ്പ് ഇത്തരം നിരവധി കടകൾ കാണാൻ കഴിയും. ഏതെങ്കിലും ഒരിടത്ത് വണ്ടി നിറുത്താൻ തോന്നുമെന്നത് സ്വാഭാവികം.
എന്തായാലും നിരവധി സ്ഥലങ്ങളിൽ ടോളുകൾ കൊടുത്തതിന് ശേഷം ഒടുവിൽ ഞങ്ങൾ തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചു. വലിയ റോഡുകൾ നാട്ടിൻ പ്രദേശങ്ങളിലേക്ക് വഴിമാറി. വാഹനം നിറുത്താതെ ഓടിക്കൊണ്ടിരുന്നു. പോകുന്ന വഴിയിൽ സൂര്യോദയത്തിന്റെ സൂപ്പർ ദൃശ്യം കാണാൻ കഴിഞ്ഞു. നല്ല കടുംചുവപ്പ് നിറത്തിൽ തുടുത്തിരിക്കുന്ന സൂര്യൻ. ഒരുപാട് നാളുകൾക്ക് ശേഷമുള്ള കാഴ്ച മനസിനെ തണുപ്പിച്ചു. എന്തായാലും അവസാനം ഗൂഗിൾ മുത്തപ്പൻ പറഞ്ഞ കണക്കനുസരിച്ച് കൊല്ലി ഹിൽസ് എന്ന സ്ഥലത്തെത്തി. കൊല്ലി ഹിൽസിലേക്ക് കയറാനുള്ള സ്ഥലത്ത് ഒരു ചെറിയ ചെക്ക് പോസ്റ്റുണ്ട്. അവിടെ ഇറങ്ങി ചോദിച്ചപ്പോൾ ടിക്കറ്റൊന്നുമില്ല ധൈര്യമായി പോകാൻ ഉത്തരം കിട്ടി. യാത്രയുടെ ശരിയായ ഘട്ടം ഇനിയാണ് തുടങ്ങുന്നതെന്ന് പിന്നീടാണ് മനസിലായത്.
ചെങ്കുത്തായ 70 ഹെയർ പിൻ വളവുകൾ. രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന വഴി. ഒരു നിമിഷത്തെ ശ്രദ്ധ പാളിയാൽ വൻ അപകടമായിരിക്കും കാത്തിരിക്കുന്നത്. ഇടയ്ക്ക് റൂട്ട് ബസുകളെയും കണ്ടു. ബുള്ളറ്റിൽ നാടുകാണാൻ ഇറങ്ങിയവരാണ് കൂടുതൽ. ഫാമിലായായി എത്തുന്നവരുമുണ്ട്. എന്തായാലും വളവുകളെല്ലാം കഴിഞ്ഞ് കൊല്ലി ഹിൽസിന്റെ മുകളിലെത്തി. അങ്ങോട്ടുള്ള യാത്ര അല്ലാതെ മറ്റൊന്നും അവിടെ ഇല്ലായിരുന്നുവെന്ന് വേണം പറയാൻ. ഒരു ചെറിയ നാട്ടുചന്തയും കുറച്ച് റിസോർട്ടും വെള്ളമില്ലാത്ത റിസോർട്ടും അല്ലാതെ ഒന്നുമില്ല. പിന്നീടാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്. ഞങ്ങൾ പോയത് സീസൺ കാലത്തല്ല. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന കൊല്ലി മലയിലേക്ക് സീസൺ കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണെന്ന് അവിടുത്തെ ഒരു നാട്ടുകാരൻ പറഞ്ഞു. നിരവധി റിസോർട്ടുകളും മറ്റുമൊക്കെ ഇവിടെയുണ്ട്. മലമുകളിൽ നെൽകൃഷി ചെയ്തിരിക്കുന്നത് കണ്ടത് അത്ഭുതമായി. എന്തായാലും അവിടെ കുറേ നേരം ചെലവഴിച്ച ശേഷം മടക്കയാത്ര തുടങ്ങി. കാലാവസ്ഥ അനുകൂലമാകുന്ന മറ്റൊരു ദിവസം ഇവിടേക്ക് തിരിച്ചെത്തും.
തിരിച്ചു വരുമ്പോഴാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായ യു.ബി.എം മീൽസ് കഴിക്കാൻ ഒരു മോഹം തോന്നിയത്. അപ്പോൾ തന്നെ നമ്പരെടുത്ത് വിളിച്ചു. കിലോമീറ്ററുകൾ ഓടിവന്നിട്ട് പ്രതീക്ഷിച്ചതൊന്നും കാണാൻ കഴിഞ്ഞില്ലെന്ന നിരാശ മാറ്റാൻ നല്ല ഭക്ഷണം കഴിക്കാൻ എല്ലാവരും മനസ് കൊണ്ട് തയ്യാറെടുത്തു. പക്ഷേ അവിടെയും പണി പാളി. തലേദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ അവിടെ പ്രവേശനമുള്ളൂ. അപ്പോഴാണ് ഭക്ഷണപ്രിയനായ സംഘാംഗത്തിന്റെ മനസിൽ മറ്റൊരു ഐഡിയ തോന്നിയത്. സാക്ഷാൽ ദിണ്ടുഗൽ തലപ്പാക്കെട്ടി ബിരിയാണി. ഗൂഗിളിൽ നടത്തിയ തെരച്ചിലിൽ കരൂർ എന്ന സ്ഥലമാണ് തലപ്പാക്കെട്ടി ബിരിയാണി കിട്ടുന്ന അടുത്തുള്ള സ്ഥലമെന്ന് മനസിലാക്കി.
അവിടുത്തെ നമ്പർ എടുത്ത് സംഭവം ഉണ്ടോയെന്ന് തിരക്കിയ ശേഷം അങ്ങോട്ട് തിരിച്ചു. കുറച്ച് നേരത്തെ ഓട്ടത്തിനൊടുവിൽ ഉച്ചയോടെ ഞങ്ങൾ ഹോട്ടലിലെത്തി. ദോഷം പറയരുതല്ലോ ഇത്രയും ദൂരത്തെ ഓട്ടത്തിന്റെ ക്ഷീണവും ഇച്ഛാഭംഗവും ഒരൊറ്റ ബിരിയാണിയിൽ അലിഞ്ഞില്ലാതായി. തിന്നാലും തിന്നാലും മതിയാവാത്ത ഉഗ്രൻ ബിരിയാണി. മട്ടൺ ബിരിയാണിക്ക് 230ഉം ചിക്കൻ ബിരിയാണിക്ക് 210ഉമാണ് വില. രണ്ടും ഒന്നിനൊന്ന് മിച്ചം. എന്തായാലും ബിരിയാണിയും കഴിച്ച് ഞങ്ങൾ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. രാത്രി 12 മണിയോടെ വീട്ടിൽ തിരിച്ചെത്തുമ്പോൾ 24 മണിക്കൂറിനിടെ ഏതാണ്ട് 1200 കിലോമീറ്റർ പിന്നിട്ട ടൊയോട്ട എത്തിയോസ് മുരണ്ടുനിന്നു. പറ്റുമെങ്കിൽ ഇനിയും ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആശാന്റെ നിൽപ്പ്.
ഫ്രീയായിട്ട് ഒരു ഉപദേശം: സാഹസിക യാത്രയ്ക്ക് പറ്റിയ സ്ഥലമാണെന്നും കടുത്ത തണുപ്പാണെന്നുമൊക്കെയുള്ള ഫേസ്ബുക്കിലെ തള്ളുകേട്ട് അമിത പ്രതീക്ഷയോടെ കൊല്ലി ഹിൽസിലേക്ക് പോകുന്നവർക്ക് വെറും നിരാശയായിരിക്കും ഫലം. മറിച്ച് തമിഴ്‌നാടിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ താത്പര്യമുള്ളവർക്ക് ഇവിടേക്ക് ധൈര്യമായി വണ്ടികയറാം. ഫാമിലിയായി പോകാൻ പറ്റുന്ന ഇടമാണെന്ന് തോന്നുന്നില്ല. എന്നാൽ ബൈക്കിൽ ട്രിപ്പടിക്കാൻ ഉദ്ദേശിക്കുന്ന ഫ്രീക്കൻമാർക്ക് ധൈര്യമായി പരീക്ഷിക്കാം.