തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ, സംഘടനാ നേതൃത്വത്തിനും സി.പി.എമ്മിനും എതിരെ കടുത്ത വിമർശവുമായി അഡ്വ.ജയശങ്കർ രംഗത്ത്. 'കോടിയേരി സഖാവിന്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിൻതുടരുന്നത്. ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സെക്രട്ടറി തീരുമാനിക്കും. അത് ലംഘിക്കുന്നവർക്ക് തക്ക പാരിതോഷികം നൽകി ആദരിക്കും'- ജയശങ്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'സ്വാതന്ത്ര്യം! ജനാധിപത്യം!!സോഷ്യലിസം!!!
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വിദ്യാഭ്യാസ രംഗത്തെ സകല അനഭിലഷണീയ പ്രവൃത്തികൾക്കും എതിരെ പൊരുതുന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ. സെയ്താലി മുതൽ അഭിമന്യു വരെ അനവധി രക്തസാക്ഷികളുടെ ധീര പാരമ്പര്യമുളള സംഘടന.
വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തറവാടാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുളള ഒരു വിപ്ലവകാരിയാണ് യൂണിറ്റ് സെക്രട്ടറി സഖാവ് നസീം. വർഗശത്രുക്കളുടെ പേടിസ്വപ്നം. പ്രിൻസിപ്പാളും അധ്യാപക അനധ്യാപക വിദ്യാർത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്.
കോടിയേരി സഖാവിന്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിൻതുടരുന്നത്. ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സെക്രട്ടറി തീരുമാനിക്കും. അത് ലംഘിക്കുന്നവർക്ക് തക്ക പാരിതോഷികം നൽകി ആദരിക്കും.
അഖിലിന്റെ കാര്യത്തിലും അത്രയേ ഉണ്ടായിട്ടുളളൂ. അതു വച്ച് എസ്എഫ്‌ഐയെ പുളുത്താമെന്ന് സംഘി കൊങ്ങി മൂരി സുഡാപി സംഘടനകളും മാമാ മാധ്യമങ്ങളും കരുതേണ്ട. തീയിൽ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ല.
ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ,
നിങ്ങക്കെന്താ കോങ്ക്രസ്സേ??'