ജ്വലിച്ചു നിന്ന സൂര്യൻ നട്ടുച്ചയ്ക്ക് അസ്തമിച്ചതു പോലെയായിപ്പോയി അനുഗ്രഹീത ഛായാഗ്രാഹകനായ ശ്രീ.എം.ജെ.രാധാകൃഷ്ണന്റെ അകാല വേർപാട് . ഇക്കാലത്തെ സിനിമയ്ക്കു മാത്രമല്ല വരുംകാല മലയാള ചലച്ചിത്രങ്ങൾക്കു കൂടി വലിയ നഷ്ടമുണ്ടാക്കുന്നതാണ് ആ അഭാവം. നൈസർഗികമായിരുന്നു രാധാകൃഷ്ണന്റെ പ്രതിഭ. ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നിലും പഠിച്ചില്ലെങ്കിലും ഛായാഗ്രഹണ കലയിൽ വിസ്മയാവഹമായ വളർച്ചയായിരുന്നു ഈ കലാകാരന്റേത്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ഏഴുവട്ടം കരസ്ഥമാക്കിയതിനൊപ്പം അന്തർദ്ദേശീയ ചലച്ചിത്രമേളകളിലും തിളങ്ങാനായി.വെളിച്ചത്തിന്റെ വിതാനങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിക്കാനാണ് രാധാകൃഷ്ണൻ എന്നും ശ്രമിച്ചത്. കഥയുടെ മർമ്മമറിഞ്ഞ് ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാക്കാനും രാധാകൃഷ്ണന് കഴിഞ്ഞു. സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് പരിണമിച്ചപ്പോൾ ആ മാറ്റത്തെ രാധാകൃഷ്ണൻ അതിവേഗം ഉൾക്കൊണ്ടു.
മലയാള സിനിമയിലെ പ്രതിഭാശാലികളായ സംവിധായകർക്കെല്ലാം കാമറ ചലിപ്പിച്ച രാധാകൃഷ്ണൻ നല്ല സിനിമയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൊതിച്ച എല്ലാ യുവ ചലച്ചിത്രകാരൻമാർക്കും വെളിച്ചവും വഴിയുമായി നിലകൊണ്ടു. സിനിമയുടെ കച്ചവടക്കണ്ണിനു നേരെ എന്നും മുഖം തിരിച്ചു. പണം ഒരിക്കലും രാധാകൃഷ്ണനെ ആകർഷിച്ചില്ല. നല്ല സിനിമകൾക്കുവേണ്ടി അഭിനിവേശത്തോടെ മുന്നിൽ നിന്നു. 75 ഓളം ചിത്രങ്ങൾക്ക് ഛായ പകർന്ന ആ കാമറ ഇനിയുമെത്രയോ ചിത്രങ്ങൾക്ക് പ്രകാശം പരത്തേണ്ടതായിരുന്നു. സൗമ്യനും മിതഭാഷിയുമായിരുന്ന രാധാകൃഷ്ണൻ ഒരു നല്ല കലാകാരനെന്നപോലെ നല്ല മനുഷ്യനുമായിരുന്നു. അപ്രതീക്ഷിതമായ ഈ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും സുഹൃത്തുക്കൾക്കുമുണ്ടായ തീരാദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.