ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം ബി.ജെ.പിയിൽ ചേർന്ന് രാഷ്ട്രീയത്തിലിറങ്ങുമെന്ന് മുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ. ധോണി ടീം നരേന്ദ്ര മോദിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാനാണ് അവകാശപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ധോണിയും ഗൗതം ഗംഭീറും ബി.ജെ.പിയിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിൽ ഗംഭീർ ബി.ജെ.പിയിൽ ചേരുകയും ഡൽഹിയിൽ നിന്ന് മത്സരിച്ച് ലോക്‌സഭാംഗമാവുകയും ചെയ്‌തിട്ടുണ്ട്.
ധോണി എന്റെ അടുത്ത സുഹൃത്താണ്. ലോകോത്തര ക്രിക്കറ്റ് താരമായ ധോണിയെ പാർട്ടിയിലെത്തിക്കുന്നതിനുള്ള ചർച്ചകൾ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ധോണിയെ ബാറ്റിംഗിന് ഇറങ്ങാൻ വൈകിയെന്ന ആരോപണത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ടീം തകർച്ച നേരിടുന്ന സമയത്ത് പരിചയസമ്പന്നനായ ധോണിക്ക് പകരം യുവതാരങ്ങളെ ക്രീസിലേക്ക് അയച്ച തീരുമാനത്തിനെതിരെ സച്ചിനും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ധോണി വിരമിക്കരുതെന്ന് മിക്ക താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ പല പരിപാടികളിലും ധോണി പങ്കെടുത്തിരുന്നു.