ബംഗളൂരു: കർണാടകയിൽ അടുത്ത ചൊവ്വാഴ്‌ച വരെ തത്‌സ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ രാജിവച്ച വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി കോൺഗ്രസ് നേതൃത്വം. പാർട്ടിയുടെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാറും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ കോൺഗ്രസ് വിമത എം.എൽ.എയായ എം.ടി.ബി.നാഗരാജ് തന്റെ രാജി പിൻവലിക്കുമെന്ന് അറിയിച്ചു. മറ്റൊരു വിമത എം.എൽ.എയായ സുധാകർ റാവുവുമായി ചർച്ച നടത്തുമെന്നും നാഗരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ വിമത പക്ഷത്തുള്ള അഞ്ച് എം.എൽ.എമാരും തങ്ങളുടെ രാജി പിൻവലിക്കാൻ ഒരുക്കമാണെന്നാണ് വിവരം. ഇതോടെ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുമെന്നും സർക്കാർ നിലനിർത്താൻ ആകുമെന്നുമാണ് കോൺഗ്രസ് - ജെ.ഡി.എസ് നേതാക്കളുടെ പ്രതീക്ഷ.
അതേസമയം, ഭരണപക്ഷത്തു നിന്ന് 16 എം.എൽ.എമാർ രാജിവച്ച സഭയിൽ വിശ്വാസം തെളിയിക്കാൻ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്പീക്കർ കെ.ആർ. രമേശ് കുമാറിനോട് അഭ്യർത്ഥിച്ചു. പന്ത്രണ്ടു ദിവസത്തെ വർഷകാല സമ്മേളനത്തിനു ചേർന്ന സഭയുടെ അജൻഡയിൽ ഇന്നലെ ചരമോപചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അതിനിടയിൽ വിശ്വാസവോട്ടിനു സമയം തേടി മുഖ്യമന്ത്രി നടത്തിയ അഭ്യർത്ഥനയിൽ ബി.ജെ.പി കാര്യമായ എതിർപ്പു പ്രകടിപ്പിച്ചില്ല. ഇപ്പോഴത്തെ നിലയിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായെങ്കിൽ മാത്രമേ താൻ തുടരാനുള്ളൂ. പക്ഷേ, അതിനു മതിയായ സമയം അനുവദിക്കണമെന്നും കുമാരസ്വാമി സ്പീക്കറോട് അഭ്യർത്ഥിച്ചു. കോൺഗ്രസിൽ നിന്ന് പതിമ്മൂന്നും, ജെ.ഡി.എസിൽ നിന്ന് മൂന്നും എം.എൽ.എമാർ രാജിവയ്ക്കുകയും ഈയിടെ മന്ത്രിസ്ഥാനം നൽകിയ രണ്ട് സ്വതന്ത്രർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് നിലനില്പ് ഭീഷണിയിലായ സഖ്യകക്ഷി സർക്കാരിന്റെ ആയുസ് നൂൽപ്പാലത്തിലാണ്.
എന്നാൽ തങ്ങളുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ച വിമതരുടെ ഹർജിയെ തുടർന്ന് നിയമസഭയിൽ ചൊവ്വാഴ്‌ച വരെ തത്‌സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാരുടെ രാജിയിലും, അവർക്ക് അയോഗ്യത കല്പിക്കുന്ന വിഷയത്തിലും അതുവരെ തീരുമാനമെടുക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് സ്പീക്കറോട് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, വിമത എം.എൽ.എമാരെ കോൺഗ്രസുകാർ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നു.