mohanlal-renjith

മലയാള സിനിമയ്‌ക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ- രഞ്ജിത്ത് ടീമിന്റെത്. ദേവാസുരം,​ ആറാം തമ്പുരാൻ,​ ഉസ്‌താദ്,​ നരസിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെ എത്രയോ തവണ പ്രേക്ഷകനെ വ്സ്‌മയിപ്പിച്ചിരിക്കുന്നു ഈ ഹിറ്റ് കെമിസ്‌ട്രി. ഇപ്പോഴിതാ,​ മോഹൻലാലിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ര‌ഞ്ജിത്ത് പറഞ്ഞ ചില വാക്കുകൾ വൈറലാവുകയാണ്. മോഹൻലാൽ എന്ന വ്യക്തിക്ക് ശത്രുക്കളില്ല,​ അഹങ്കാരിയുമല്ല എന്നു പറയുന്നതിന്റെ കാരണമാണ് രഞ്ജിത്ത് സൂചിപ്പിക്കുന്നത്.

രഞ്ജിത്തിന്റെ വാക്കുകൾ-

'ശ്രീ മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നമ്പൂതിരിയെയാണ് ഓർമ്മ വരുന്നത്. ആർട്ടിസ്‌റ്റ് നമ്പൂതിരിയല്ല,​ അതിനു മുമ്പ് ജീവിച്ച ബുദ്ധിമാനായ മറ്റൊരു നമ്പൂതിരി. നമ്പൂതിരിയോട് ആരോ ചോദിച്ചു,​ ആറും നാലും പതിനൊന്നല്ലേ എന്ന്. ഉവ്വോ?​ അങ്ങനെയാവാം. അതേന്നും കേട്ടിട്ടുണ്ട്. നിശ്‌ചയില്ല്യ. ആ നയതന്ത്രജ്ഞതയാണ് കഴിഞ്ഞ പത്ത് മുപ്പത് വർഷമായിട്ട് മോഹൻലാൽ തന്റെ വർക്കിംഗ് സ്പെയിസിൽ തുടർന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മോഹൻലാലിന് ശത്രുക്കളില്ല. അഹങ്കാരി എന്ന പേരുമില്ല. ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല. ആ നയതന്ത്രത മോഹൻലാലിൽ നിന്ന് അനുകരിച്ച് പലരും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ ഈ നയതന്ത്രജ്ഞത വെടിയുകയും തന്റെ ജീവിത പരിസരങ്ങളോട്,​ സമൂഹത്തിൽ നടക്കുന്നവയെ അറിയാനും പ്രതികരിക്കാനും ലാലിലെ മനുഷ്യ സ്നേഹി തയ്യാറാവുകയും ചെയ്യുന്നുണ്ട്'.