head-shave

ഇന്ന് മിക്ക പുരുഷന്മാരെയും അലട്ടുന്ന പ്രശ്‌നമാണ് കഷണ്ടിയും മുടികൊഴിച്ചിലും. വിവിധ ചികിത്സാരീതികൾ ഉണ്ടെങ്കിലും ഇവയ്‌ക്കൊന്നും ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്നതാണ് സത്യം. എന്നാൽ കഷണ്ടി ഉയർത്തുന്ന പ്രശ്‌നങ്ങളിൽ നിന്നും പുറത്തുകടക്കാൻ ചില എളുപ്പമാർഗങ്ങളുണ്ട്. പൂർണമായും മുടി ഒഴിവാക്കി മൊട്ടയടിക്കുകയാണ് ഇതിൽ ആദ്യത്തേത്. ഒരൽപ്പം കടന്ന കയ്യല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ, തല മൊട്ടയടിച്ചവർ ലോകം തന്നെ കീഴടക്കാൻ കഴിവുള്ളവരാണെന്നാണ് ചരിത്രം പറയുന്നത്. രാഷ്ട്രപിതാവായ ഗാന്ധിജി മുതൽ ആമസോൺ തലവനായ ജെഫ് ബെസോസ് വരെയുള്ളവർ ഇതിനൊരു ഉദാഹരണം മാത്രമാണ്. എന്നാൽ തല മൊട്ടയടിച്ചത് കൊണ്ട് മാത്രം ഒരാൾക്ക് എങ്ങനെയാണ് മറ്റുള്ളവരേക്കാൾ സമ്പാദിക്കാൻ കഴിയുകയെന്ന് അറിയണ്ടേ.

സാമ്പത്തിക ലാഭം

തലയിൽ മുടിയൊന്നുമില്ലെങ്കിൽ പിന്നെ ബാർബർ ഷോപ്പിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട, മാസാമാസം ബാർബർ ഷോപ്പിൽ കൊടുക്കുന്നതും ഷാമ്പൂ, കണ്ടിഷണർ, ജെൽ തുടങ്ങിയവ വാങ്ങാൻ ചെലവഴിക്കുന്നതുമായ പൈസയും ലാഭിക്കാം. ഒരു വർഷം എത്ര രൂപ അത്തരത്തിൽ ലാഭിക്കാൻ കഴിയുമെന്ന് ഒന്ന് ആലോചിച്ച് നോക്കൂ.

പ്രശസ്‌തരുടെ പിൻഗാമിയാകാം

മൊട്ടത്തലയുമായി ലോകം കീഴടക്കിയ എത്ര പേരുണ്ടെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. സിനിമാ, സ്പോർട്ട്സ്, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും ഇത്തരക്കാരെ കാണാൻ കഴിയും. ബുദ്ധസന്യാസി ദലൈ ലാമ, ഹോളിവുഡ് നടൻ ബ്രൂസ് വിൽസ്, വിൻ ഡീസൽ, സാമുവൽ ജെ.ജാക്‌സൺ, ഡ്വൈൻ ജോൺസൻ അല്ലെങ്കിൽ റോക്ക്, ജോസൺ സ്‌റ്റാതം, ഗായകൻ പിറ്റ്‌ബുൾ, ഗുസ്‌തി താരം മൈക്ക് ടൈസൺ, ഹിന്ദി സിനിമാ താരങ്ങളായ അമ്‌രീഷ് പുരി, അനുപം ഖേർ, പ്രേം ചോപ്ര, ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തുടങ്ങിയവർ ഉദാഹരണം മാത്രം (ലിസ്‌റ്റ് അപൂർണം). അങ്ങനെ പ്രശസ്‌തരായവർ മാത്രം അടങ്ങിയ ഒരു ഗ്രൂപ്പിലേക്കാണ് നിങ്ങളുടെ എൻട്രി എന്നത് വൻ ത്രില്ലിംഗ് അല്ലേ.

മൊട്ടത്തലയന്മാരെ സ്ത്രീകൾക്കും പ്രിയം

തലയിൽ മുടിയില്ലാത്തത് കാരണം സ്ത്രീകൾ ശ്രദ്ധിക്കില്ലെന്ന ചിന്തയൊക്കെ വെറുതെയാണ്. മൊട്ടത്തലയന്മാരെ സ്ത്രീകൾക്ക് പൊതുവെ ഇഷ്‌ടമാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുടിയില്ലാത്ത തന്റെ ശരീരവുമായി പൊതുഇടത്തിൽ വരുന്നയാൾക്ക് മറ്റുള്ളവരേക്കാൾ ആത്മവിശ്വാസം കൂടുതലായിരിക്കുമെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. മാത്രവുമല്ല മൊട്ടത്തലയന്മാർ നല്ല രീതിയിൽ വസ്ത്രം ധരിക്കുന്നവരും ആയിരിക്കും. ഒരു സ്ത്രീക്ക് പുരുഷനിൽ ആകർഷണം തോന്നാൻ അത് പോരേ.


ആത്മവിശ്വാസം

തന്റെ ശരീരത്തിനുള്ള വിശ്വാസം കാരണമാണ് ഒരാൾ മൊട്ടയടിക്കാൻ തീരുമാനിക്കുന്നതെന്ന് ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. മറ്റുള്ളവർക്ക് മുന്നിൽ മുടിയില്ലാതെ പ്രത്യക്ഷപ്പെടുമ്പോൾ അവർ എന്ത് കരുതും എന്ന് ഇക്കൂട്ടർ ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ പൊതുഇടങ്ങളിൽ ഗംഭീരമായി ആശയ വിനിമയം നടത്താനും ഇവർക്കാകും. മാത്രവുമല്ല മൊട്ടത്തലയന്മാർക്ക് സമൂഹത്തിൽ മറ്റുള്ളവരേക്കാൾ 13 ശതമാനം പ്രാധാന്യവും 6 ശതമാനം അധിക ആത്മവിശ്വാസവും ലഭിക്കും. ഇവർ ശരീരഘടനയിൽ മറ്റുള്ളവരേക്കാൾ മുന്നിലായിരിക്കും. 13 ശതമാനം ശക്തരും, ഒരു ശതമാനം അധികം ഉയരവും ഉള്ളവരായിരിക്കുമെന്നും പഠനം പറയുന്നു.

മൊട്ടത്തലയും കട്ടത്താടിയും, കലിപ്പ് സീൻ ബ്രോ

വെറുതെ തലയിലെ രോമങ്ങൾ വടിച്ചുകളയുമ്പോൾ മുഖത്തെ രോമങ്ങളെ അതിന്റെ പാട്ടിന് വിടുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ഫാഷൻ വിദഗ്‌ദ്ധർ പറയുന്നു. തലയിൽ കഷണ്ടി ബാധിക്കുന്നവർക്ക് പോലും നന്നായി താടി വളരാറുണ്ടെന്ന സത്യം ഇത്തരക്കാർക്ക് പ്രചോദനമാണ്. ഇനി താടി വളർത്താൻ കഴിയില്ലെങ്കിൽ ഒരു കൊമ്പൻ മീശയെങ്കിലും ആവാം.