ഇതുവരെ ജപ്പാനിലും ചൈനയിലുമൊക്കെയാണ് റോബോട്ടുകൾ ഭക്ഷണം വിളമ്പിയിരുന്നത്. എന്നാൽ ഇനിമുതൽ നമ്മുടെ കേരളത്തിൽ ഭക്ഷണം വിളമ്പാൻ അവരെത്തും. ഞായറാഴ്ച കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്ന, നടൻ മണിയൻപിള്ള രാജു പങ്കാളിയായ ബി അറ്റ് കിവിസോ എന്ന ഹോട്ടലിലാണ് റോബോട്ടുകൾ ഭക്ഷണം വിളമ്പാൻ എത്തുന്നത്.
അലീന, ഹെലൻ, ജെയിൻ എന്നിങ്ങനെയാണ് റോബോട്ടുകൾക്ക് പേര് നൽകിയിരിക്കുന്നത്. അഞ്ചടി ഉയരമുള്ള ഇവർ മുൻകൂട്ടി പ്രോഗ്രാം ചെയ്‌തതനുസരിച്ച് നിങ്ങളുടെ ടേബിളിന് മുന്നിലെത്തും. 'സർ യുവർ ഫുഡ് ഈസ് റെഡി' എന്ന് പറഞ്ഞുകൊണ്ട് അവർ ഭക്ഷണം വിളമ്പും. അതിനുശേഷം കസ്റ്റമർ പിറകിലുള്ള സെൻസർ ബട്ടണിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ അത് തിരികെ പോകും. കുട്ടികൾക്ക് കളിക്കാനും തൊടാനുമായി നാലടി ഉയരമുള്ള മറ്റൊരു റോബോട്ട് കൂടിയുണ്ട്.