home

സ്വപ്‌ന ഭവനം നിർമിച്ച് കഴിഞ്ഞാൽ അതിന് മോടികൂട്ടാനായി നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ് മലയാളികൾ. എന്നാൽ പലപ്പോഴും വീട്ടിലെ കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ ചിലർക്കെങ്കിലും തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റാറുണ്ടെന്നതാണ് സത്യം. ശരിയായ കർട്ടൺ തിരഞ്ഞെടുക്കാൻ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്റീരിയർ ഡിസൈനിംഗ് രംഗത്തെ വിദഗ്‌ദ്ധനായ സ്വരൂപ് പറയുന്നു.

1.ഉയരം

ഒരു കർട്ടൺ സെലക്‌ട് ചെയ്യുമ്പോൾ ആദ്യം പരിഗണിക്കേണ്ട കാര്യം അതിന്റെ ഉയരമാണ്. ജനാലയുടെയോ വാതിലിന്റെയോ മുകളിൽ നിന്ന് തുടങ്ങി തറയിൽ നിന്ന് ഒരൽപ്പം പൊങ്ങി നിൽക്കുന്ന രീതിയിലായിരിക്കണം. ഒരു ട്രെഡിഷണൽ ലുക്ക് കിട്ടാൻ വേണ്ടി തറയിലേക്ക് ഞാന്ന് കിടക്കുന്ന കർട്ടണും തിരഞ്ഞെടുക്കാം. ഇനി നിങ്ങളുടെ ജനാലയുടെ ഉയരം കൂടുതൽ തോന്നിക്കണമെങ്കിൽ കർട്ടന്റെ മുകൾ വശത്തെ നീളത്തിൽ കുറച്ച് അധികം കരുതാം.

2.നിറം

മുറിയിലെ പെയിന്റിംഗിന്റെ നിറത്തിന് അനുസരിച്ചായിരിക്കണം കർട്ടൺ തിരഞ്ഞെടുക്കേണ്ടത്. പെയിന്റിംഗിന്റെ നിറവുമായി ചേർന്ന് പോകുന്നതല്ലെങ്കിൽ കൂടി എല്ലാ മുറിയിലും ഒരേ തീമിലുള്ള കർട്ടൺ തിരഞ്ഞടുക്കുന്നതാണ് നല്ലത്. കടും നിറത്തിലുള്ള കർട്ടൺ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

3.തുണി

വളരെ വേഗത്തിൽ മാറ്റാൻ കഴിയുന്നവയാണ് കർട്ടന്റെ തുണി. അതുകൊണ്ട് വർഷത്തിലൊരിക്കൽ കർട്ടൺ മാറ്റുന്നത് നല്ലതായിരിക്കും. അത് മുറിയ്‌ക്ക് നല്ല ഫ്രഷ്‌നസും വൃത്തിയും നൽകും. എന്നാൽ ഇങ്ങനെ മാറ്റാൻ താത്പര്യമില്ലെങ്കിൽ നല്ല മെറ്റീരിയൽ തന്നെ ഉപയോഗിക്കണം. അധികം കട്ടിയില്ലാത്ത തുണിയാണ് വേണ്ടതെങ്കിൽ ലിനനോ കോട്ടണോ തിരഞ്ഞെടുക്കാം. ഇനി കട്ടിയുള്ളതിനോടാണ് താൽപര്യമെങ്കിൽ തുകലോ വെൽവെറ്റോ എടുക്കാം.

4.ഏത് വേണം

ഇപ്പോൾ വിപണിയിൽ നിരവധി സ്‌റ്റൈലുകളിലുള്ള കർട്ടണുകൾ ലഭ്യമാണ്. പ്ലീറ്റഡ് കർട്ടൺ, സ്‌കാലപ്, പെൽമറ്റ്, വാലൻസ് കർട്ടനുകൾ, നൂൽ കർട്ടണുകൾ, ലൂപ്പ് കർട്ടണുകൾ, ബ്ലെൻഡുകൾ, മുള കർട്ടണുകൾ എന്നിവയിൽ നിന്നും വീടിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക.

5.സ്വകാര്യതയും വെളിച്ചവും

മുറിയിൽ കർട്ടൺ ഇടുന്നതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യതയാണ്. രണ്ടിടങ്ങളെ തമ്മിൽ മറയ്‌ക്കാനാണ് കർട്ടണെങ്കിലും ഇവ തമ്മിൽ ഒരു ബന്ധവുമില്ലെന്ന തോന്നൽ ഉണ്ടാകരുത്. ആവശ്യത്തിന് വെളിച്ചം കിട്ടുന്ന കട്ടികുറഞ്ഞ കർട്ടണുകളായിരിക്കും നല്ലത്. ഇനി സ്വകാര്യതയ്‌ക്ക് മുൻതൂക്കം നൽകുന്നവരാണെങ്കിൽ കട്ടികൂടിയ കർട്ടണുകൾ തന്നെ വാങ്ങാം.