army-chief-china

ന്യൂഡൽഹി: ലഡാക്കിലെ ദേംചോക്കിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നിട്ടില്ലെന്ന് കരസേന മേധാവി ബിപിൻ റാവത്ത് പറഞ്ഞു. ഇന്ത്യൻ മണ്ണിലേക്ക് കിലോമീറ്ററുകളോളം ചൈനയുടെ സൈന്യം കടന്ന് കയറി പതാക സ്ഥാപിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചില ടിബറ്റുകാർ ജൂലായ് ആറാം തീയതി ദലൈലാമയുടെ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ ചൈനീസ് സംഘം എത്തിയിരുന്നു. അല്ലാതെ അതിക്രമിച്ച് കടക്കൽ ഉണ്ടായിട്ടില്ലെന്നും എല്ലാം സാധാരണപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച പീപ്പിൾസ് ലിബറേഷൻ ആർമി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദർശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. ലേ ഹിൽ കൗൺസിൽ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ റിഗ്‌സിൻ സ്‌പൽബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "ചൈനീസ് പട്ടാളം ഇന്ത്യൻ മണ്ണിൽ അവരുടെ പതാകയേന്തി നിൽക്കുന്ന ചിത്രവും വീഡിയോയും ഒരു പെൺകുട്ടിയാണ് നൽകിയതെന്ന് സ്പൽബർ പറഞ്ഞിരുന്നു. കുറച്ച് കാലമായി ചൈനീസ് പട്ടാളം ഈ മേഖലയിൽ കടന്നു കയറുന്നത് പതിവാണ്. അവർ നമ്മുടെ മണ്ണ് കൈയടക്കിക്കൊണ്ടിരിക്കുകയാണ്"- റിഗ്‌സിന്‍ സ്‌പൽബർ വ്യക്തമാക്കി.