കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ, ഒരേ രീതിയിൽ പോകുന്ന ഒന്നാണ് പ്രൊഫഷണൽ നാടകങ്ങൾ. കഴിയാവുന്ന പരീക്ഷണങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത്രയും കാലം എനിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചത് കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞതു കൊണ്ടാണ്. പുതിയ മെറ്റീരിയലുകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. ബ്രഷും ചായക്കൂട്ടുമല്ല കമ്പികളും അവിടെ ലഭ്യമായ സാധനങ്ങളുപയോഗിച്ചാണ് ചൈനയിൽ ലോക നാടക മത്സരത്തിൽ ഇന്ത്യൻ നാടകത്തിന് സെറ്റൊരുക്കിയത്.
വരുമാനത്തിന് മറ്റു മാർഗങ്ങളോ ചെയ്യാൻ വേറെ ജോലികളോ ഇല്ലാത്തുകൊണ്ട് ഇന്നും ഈ ഫീൽഡിൽ തുടരുകയാണ്. എനിക്കിന്നും സമ്പാദ്യമെന്നു പറയാൻ ഒന്നുമില്ല. ആർട്ടിസ്റ്റ് കേശവന്റെ മകൻ എന്ന് പറഞ്ഞാൽ എവിടെയും എനിക്കൊരു സ്ഥാനം കിട്ടിയിരുന്നു. എല്ലാ കാര്യത്തിലും അച്ഛനെ ഞാൻ പിന്തുടർന്നിട്ടില്ല. അച്ഛന് ചാരായകുപ്പി വാങ്ങിക്കൊണ്ടുവരുന്ന ജോലി എനിക്കുണ്ടായിരുന്നിട്ടും ഞാനിതുവരെ മദ്യത്തിന്റെ രുചി നോക്കിയിട്ടില്ല. എനിക്കൊരിക്കലുമൊരു കച്ചവടക്കാരനാകാൻ കഴിഞ്ഞിട്ടില്ല. കലാകാരനായി നിൽക്കാനേ ശ്രമിച്ചിട്ടുള്ളൂ. ആ നിലയ്ക്ക് ഞാനൊരു പരാജയം തന്നെയായിരിക്കും. പക്ഷേ ഞാൻ സംതൃപ്തനാണ്. ഇപ്പോഴും ഒരു സ്കെച്ച് നോക്കിയല്ല വരയ്ക്കുന്നത്. എന്റെ ജീവിതാനുഭവങ്ങളിൽ നിന്നോർത്തെടുത്താണ്. ജീവിതത്തിൽ കണ്ടിട്ടുള്ളതാണ് വരയ്ക്കുന്നത്. ബാങ്കിൽ നിന്ന് ലോണെടുത്ത് അച്ഛന്റെ പേരിലൊരു ഓഡിറ്റോറിയം നിർമ്മിച്ചു.
ഇതുണ്ടാക്കുമ്പോൾ ലക്ഷ്യം നാടകത്തെ സ്നേഹിക്കുന്ന ഒരു തലമുറയ്ക്കായി, നാടകത്തിനായി എന്റെ വക ഒരിടമെന്നതായിരുന്നു. എനിക്ക് തെറ്റി. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ആ ഓഡിറ്റോറിയം. നാടകത്തെ വേണ്ടാത്തവർക്ക് എന്തിന് എന്റെയീ സൗജന്യം? വലിയൊരു കടബാധ്യത മാത്രം എനിക്ക് മിച്ചം. ചായക്കൂട്ടുകൾ നാളെ താഴെവച്ചാലും എന്നെ ഞാനാക്കിയ നാടകത്തിന്റെ യവനിക ഉയർന്നു നിൽക്കണമെന്നാണ് ആഗ്രഹം.