bipin-rawat

ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിച്ച് കടന്നെന്ന വാർത്തകൾ നിഷേധിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അന്ന് ഇന്ത്യയുടെ ഭാഗത്തെ ഡെംചോക്കിൽ ടിബറ്റുകാർ ബാനറുകളുയർത്തി പ്രദേശിക ആഘോഷം നടത്തി. ഇത് കണ്ട് അവിടെ എന്താണ് നടക്കുന്നതെന്നറിയാനായി ചൈനീസ് സൈന്യം അടുത്തേക്ക് വന്നു. നിയന്ത്രണരേഖയ്ക്ക് സമീപം വരെ അവർ എത്തിയെങ്കിലും നമ്മൾ അവരെ തടഞ്ഞു. ' ബിപിൻ റാവത്ത് പറഞ്ഞു.

കഴിഞ്ഞ ആറിന് ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ ചിലർ ടിബറ്റൻ പതാക ഉയർത്തിയത് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചുവെന്നായിരുന്നു വാർത്തകൾ.

 പാക് പ്രകോപനത്തിന് കടുത്ത തിരിച്ചടി

പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനർത്ഥം ഉണ്ടായാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു.

പാകിസ്ഥാൻ ഓരോതവണയും നിഴൽ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും അനർത്ഥം വിളിച്ചുവരുത്തുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാൻ സൈന്യം അചഞ്ചലമായി നിലകൊള്ളും.

ഭാവിയിൽ സംഘർഷമുണ്ടാവുകയാണെങ്കിൽ അത് കൂടുതൽ അക്രമാസക്തമാകാമെന്നും അക്കാര്യം പ്രവചനാതീതമാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. എന്നാൽ നമ്മുടെ സൈനികർക്ക് തന്നെയാകും എപ്പോഴും പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.