ലണ്ടൻ: കഴിഞ്ഞയാഴ്ച സ്പാനിഷ് തീരത്ത് വച്ച് ബ്രിട്ടൻ നാവികസേന പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് 1 (സൂപ്പർടാങ്കർ) എണ്ണക്കപ്പലിലെ ജീവനക്കാരായ നാല് ഇന്ത്യക്കാർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അന്വേഷണത്തിന്റെ ഭാഗമായിരുന്നു അറസ്റ്റെന്നും ഇവർക്ക് ഇന്നലെ റോയൽ ജിബ്രാൾട്ടർ പൊലീസ് ഉപാധികളോടെ ജാമ്യം അനുവദിച്ചതായും പൊലീസ് വക്താവ് വ്യക്തമാക്കി. അതേസമയം, അന്വേഷണം തുടരുന്നതിനാൽ സൂപ്പർടാങ്കർ കസ്റ്റഡിയിൽ തുടരുമെന്നും ഇവർ വ്യക്തമാക്കി.
കപ്പിത്താൻ, കപ്പലിന്റെ മുഖ്യഓഫീസർ എന്നിവരെ വ്യാഴാഴ്ചയും മറ്റ് രണ്ട് ഓഫീസർമാരെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് എല്ലാവിധ നിയമസഹായവും നൽകിയെന്നും കുടുംബവുമായും മേലുദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നതിന് ടെലിഫോൺ സൗകര്യം ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനും വിഷയത്തിൽ ഇടപെട്ടിരുന്നു.
ജൂലായ് നാലിനാണ് സിറിയയിലേക്ക് എണ്ണയുമായി പോയ സൂപ്പർ ടാങ്കർ യൂറോപ്യൻ യൂണിയന്റെ ഉപരോധചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ജിബ്രാൾട്ടർ കടലിടുക്കിൽവച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാൻഡോകളും ചേർന്ന് പിടിച്ചെടുത്തത്. 'ഇത് തീക്കളിയാണെന്നും എണ്ണക്കപ്പൽ ഉടൻ വിട്ടയയ്ക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല'. തുടർന്ന് കഴിഞ്ഞദിവസം ബ്രിട്ടന്റെ എണ്ണകപ്പൽ പിടിച്ചെടുക്കാൻ ഇറാൻ നാവികസേന ശ്രമിച്ചിരുന്നു.