1. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം തുടരവെ, അന്വേഷണ സംഘത്തിന് മൊഴി നല്‍കി കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍. തന്നെ കുത്തിയത് ശിവരഞ്ജിത് എന്ന് അഖില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് മൊഴി നല്‍കി. ശിവരഞ്ജിത്തിന് ഒപ്പം നസിമും ഉണ്ടായിരുന്നു. മൊഴിയുടെ വിശദാംശങ്ങള്‍ ഡോക്ടര്‍ പൊലീസിന് കൈമാറി. വിശദമായ മൊഴി എടുക്കാന്‍ ഡോക്ടറോട് പൊലീസിനോട് അനുമതി തേടി
2. അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. സംഘര്‍ഷത്തില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളെ പുറത്താക്കും. നിലവില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ അഞ്ചുപേര്‍ സസ്‌പെന്‍ഷന്‍ഷനിലാണ്. പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, ആരോമല്‍, ആദില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. എല്ലാവരും പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. അതിനിടെ, യൂണിവേഴ്സിറ്റി അക്രമങ്ങള്‍ക്ക് എതിരെ സെക്രട്ടറിയറ്റിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
3. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ദൗര്‍ഭാഗ്യകരം എന്ന് പ്രിന്‍സിപ്പള്‍ കെ. വിശ്വംഭരന്‍. പ്രശ്നം പറഞ്ഞു തീര്‍ക്കാം എന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പു നല്‍കിയിരുന്നു. അത് വിശ്വസിച്ചതിനാല്‍ ആണ് പ്രശ്നത്തില്‍ ഇടപെടാത്തത്. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുത്തെന്നും നിലവില്‍ ശാന്തമായ അന്തരീക്ഷമാണ് കോളേജില്‍ എന്നും പ്രിന്‍സിപ്പള്‍. കന്റോണ്‍മെന്റ് പൊലീസിന്റെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ പരിശോധന നടത്തിയിരുന്നു. അഖിലിനെ പ്രതികള്‍ കുത്തിയത് കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെ എന്നായിരുന്നു എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്
4. സ്വന്തം അനുയായികളെ കൊന്നു തള്ളിയ സ്റ്റാലിന്റെ പാതയിലാണ് എസ്.എഫ്.ഐക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കലാലയങ്ങളെ അവര്‍ കൊലക്കളമാക്കി. എസ്.എഫ്.ഐയെ സി.പി.എം കയറൂരി വിട്ടതിന്റെ ഫലമാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ തേടി മറ്റെങ്ങും പൊലീസ് അലയേണ്ട. അവര്‍ എ.കെ.ജി സെന്ററിലോ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലോ ഉണ്ടാകും. പ്രതികളെ പിടികൂടാന്‍ പൊലീസ് ധൈര്യം കാണിക്കണമെന്നും പ്രതിപക്ഷ നേതാവ്. കുട്ടികള്‍ക്ക് പാട്ടുപാടാനുള്ള സ്വാതന്ത്ര്യം പോലും നാട്ടിലില്ല. ക്രമസമാധാന പാലനത്തില്‍ മുഖ്യമന്ത്രി അമ്പേ പരാജയമാണ്. പൊലീസുകാര്‍ ആളെക്കൊല്ലികളായി മാറിയിരിക്കുക ആണെന്നും ചെന്നിത്തല പറഞ്ഞു.
5. യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ പുതുമയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാലങ്ങളായി മറ്റ് സംഘടനകള്‍ക്ക് എസ്.എഫ്.ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ് യൂണിവേഴ്സിറ്റി കോളജില്‍. എ.ഐ.എസ.്എഫ് പ്രവര്‍ത്തകര്‍ക്ക് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കാന്‍ പോലും എസ.്എഫ്.ഐ അനുവദിക്കാറില്ല. ഈ സാഹചര്യം മാറണമെന്നും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണമെന്നും കാനം ആവശ്യപ്പെട്ടു
6. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ മാപ്പ് ചോദിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നും കേരള ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും വി.പി സാനു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ ഒരു നാളും സംരക്ഷിക്കില്ലെന്നും സാനു ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
7. സംസ്ഥാനത്ത് കാലിത്തീറ്റ വിലയില്‍ വന്‍ വര്‍ദ്ധനവ്. കാലിത്തീറ്റയുടെ വില കുതിച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. ജനുവരിയില്‍ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 900 രൂപയായിരുന്നു വില. ഇപ്പോള്‍ അത് വര്‍ദ്ധിച്ച് 1200 രൂപയിലെത്തിയിരിക്കുന്നു. തമിഴ്നാട്ടില്‍ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
8. തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ സ്വകാര്യ പുരയിടത്തില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിളപ്പില്‍ശാലയില്‍ ഊറ്റുകുഴിക്ക് സമീപം കാടുപിടിച്ച് കിടന്നിരുന്ന സ്വകാര്യ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
9. പ്രശസ്തമായ ലക്ഷ്മണ്‍ ജുല തൂക്കുപാലം അടയ്ക്കുന്നു. ബലക്ഷയമെന്ന് അധികൃതര്‍.പാലം പരിശോധിച്ച ഉത്തരാഖണ്ഡിലെ വിദഗ്ധസംഘം ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം അടക്കാനുള്ള തീരുമാനം എടുത്തതെന്ന് ചീഫ് സെക്രട്ടറി ഓം പ്രകാശ് വ്യക്തമാക്കി.വലിയൊരു ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് പാലം അടയ്ക്കുകയാണ്.
10. ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി ഇന്ത്യക്കാരി അന്‍ഷുലാ കാന്തിനെ നിയമിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറാണ് അന്‍ഷുല. ലോകബാങ്ക് ഗ്രൂപ്പിന്റെ ധനകാര്യ, റിസ്‌ക് മാനേജ്‌മെന്റ് കാര്യങ്ങളുടെ ചുമതലയായിരിക്കും അന്‍ഷുലയ്‌ക്കെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് അറിയിച്ചു.
11. കത്തിമുനയുടെ രാഷ്ട്രീയം കാംപസില്‍ പാടില്ലെന്ന് എസ്.എഫ്.ഐയോട് ആഷിഖ് അബു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിയ സംഭവത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചും തിരുത്തണം എന്നാവശ്യപ്പെട്ടുമാണ് സംവിധായകന്‍ ആഷിഖ് അബു രംഗത്ത് എത്തിയിരിക്കുന്നത്. കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ലെന്നും ആഷിഖ് അബു പ്രതികരിച്ചു
12. രാജ്യത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്, അയല ഗണ്യമായി കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട അനുസരിച്ച് ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ 54 ശതമാനമാണ് മത്തിയുടെ ലഭ്യത കുറഞ്ഞിരിക്കുന്നത്. അതേസമയം അയലയുടെ ലഭ്യത കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് സി.എം.എഫ്.ആര്‍.ഐ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
13. വിജയ് ചിത്രം ബിഗിലിനായി ആകാംഷയോടെ ആണ് ആരാധകര്‍. ഫുട്‌ബോളിന്റെ പശ്ചാതലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയിലാണ് പുരോഗമിക്കുന്നത്. ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഇത് അച്ഛന്‍ മകന്‍ വേഷങ്ങളായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ്റ്ലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിവേക്, കതിര്‍, ഡാനിയേല്‍ ബാലാജി, ഐ.എം. വിജയന്‍ ജാക്കി ഷെറഫ്, റീബ മോണിക്ക, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
|
|
|